ന്യൂയോർക്ക്: ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നൽകിയതിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു വിദേശ സിനിമയ്ക്ക് എങ്ങനെ ഈ അവാർഡ് ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
ഈ വർഷം അക്കാദമി അവാർഡുകൾ എത്ര മോശമായിരുന്നു? കൊളറാഡോ സ്പ്രിംഗ്സിൽ നടന്ന പരിപാടിയിൽ അദ്ദേഹം ജനങ്ങളോട് ചോദിച്ചു. വ്യാപാരവുമായി ബന്ധപ്പെട്ട് നമുക്ക് ദക്ഷിണ കൊറിയയുമായി ആവശ്യത്തിലേറെ പ്രശ്നങ്ങൾ ഉണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ അവർക്ക് ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള അവാർഡ് നൽകേണ്ടതുണ്ടോ?
ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 92 വർഷത്തെ ഓസ്‌കർ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം ഓസ്‌കർ വേദിയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തിലെ വർഗ വിഭജനത്തെക്കുറിച്ചാണ് ബോംഗ് ജൂൺ ഹോ സംവിധാനം ചെയ്ത പാരസൈറ്റിൽ സംസാരിക്കുന്നത്. അന്നന്നത്തേക്കുള്ള അന്നം തേടാൻ പാടുപെടുന്നവരും ദരിദ്രരുമായ കിം കുടുംബത്തിന്റേയും, സമ്പന്നരായ പാർക്ക് കുടുംബത്തിന്റേയും കഥയാണ് പാരാസൈറ്റ്. മികച്ച ചിത്രം, അന്താരാഷ്ട്ര ചിത്രം,സംവിധായകൻ, തിരക്കഥ എന്നിങ്ങനെ നാല് ഓസ്കർ പുരസ്കാരങ്ങളാണ് പാരസൈറ്റിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |