തിരുവനന്തപുരം: പി.എസ്.സി കോച്ചിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട വീറ്റോ,ലക്ഷ്യ എന്നീ സ്ഥാപനങ്ങളുടെ ഉടമകൾ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാണെങ്കിലും , ഇവ നടത്തുന്നത് ബിനാമികളുടെ പേരിലാണെന്ന്
വിജിലൻസ് റെയ്ഡിൽ കണ്ടെത്തി.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് കേന്ദ്രീകരിച്ചാണ് പി.എസ്.സി പരീക്ഷാ തട്ടിപ്പ് റാക്കറ്റിന്റെ പ്രവർത്തനം..പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയും ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരള സ്‌റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റിസിലെ ജനറൽ മാനേജരുമായ രഞ്ജൻ രാജിന്റെ ഭാര്യാപിതാവിന്റെയും രണ്ട് സുഹൃത്തുകളുടെയും പേരിലാണ് വീറ്റോ രജിസ്റ്റർ ചെയ്തിരിക്കുന്നത്. . ഇതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചതായാണ് സൂചന. രഞ്ജന് സ്ഥാപനവുമായി ബന്ധമില്ലെന്ന് ഭാര്യാപിതാവ് വിജിലൻസിനെ അറിയിച്ചെങ്കിലും സുഹൃത്തുകളെ ചോദ്യം ചെയ്തതിൽ നിന്ന് ഇവിടെ രഞ്ജൻ ഇംഗ്ലീഷ് ക്ലാസ് എടുക്കാറുണ്ടെന്ന് മനസിലായി. ഇംഗ്ലീഷ് ഭാഷാപരിശീലനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്കായി രഞ്ജൻ തയ്യാറാക്കിയ ഗൈഡുകളും വിജിലൻസ് പിടിച്ചെടുത്തു.
പൊതുഭരണവകുപ്പിൽ അസിസ്റ്റന്റായ ഷിബു കെ. നായരുടെ ഭാര്യയുടെ പേരിലാണ് 'ലക്ഷ്യ' രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്ക് പി.എസ്.സി അംഗങ്ങളുമായി ബന്ധമുള്ളതായും സംശയമുണ്ട്. 2013 മുതൽ അവധിയെടുത്താണ് ഷിബു സ്ഥാപനം നടത്തിവന്നത്. രണ്ട് സ്ഥാപനങ്ങളിലും സർക്കാർ ജീവനക്കാരാണ് ഉദ്യോഗാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി.
പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ അടുത്ത കാലത്ത് നടന്ന രണ്ടാമത്തെ പരീക്ഷാ തട്ടിപ്പ് സംഭവമാണിത്. ഏതാനും മാസം മുമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പിടിയിലായ ചില പ്രതികൾ പൊലിസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കിലെത്തിയത് സംബന്ധിച്ച അന്വേഷണവും ചെന്നെത്തിയത് പി.എസ്.സി പരീക്ഷാ തട്ടിപ്പിലേക്കാണ്. ഇത് സംബന്ധിച്ച് ക്രൈേ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
' പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളുമായി സംഭവം ഗൗരവമേറിയത്. പി.എസ്.സിക്ക് ഈ കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ല. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണം '.
-എം.കെ. സക്കീർ,
പി.എസ്.സി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |