തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്‌തീയ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷിയായ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ നടന്ന അദ്ഭുത പ്രവൃത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്‌ടപ്പെടുമെന്നുറപ്പായ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് ദേവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയിൽ നടന്ന അദ്ഭുത പ്രവർത്തി.
1712 ഏപ്രിൽ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള 1745ലാണ് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാർത്താണ്ഡവർമ മഹാരാജാവിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. തിരുവതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹത്തിന്റെ മതംമാറ്റം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. പല പ്രമുഖരുടെയും അപ്രീതിക്ക് കാരണമായി. സുവിശേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ രാജ്യദ്രോഹം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ദേവസഹായം പിള്ള തടവിലാവുകയും രാജകീയ പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ക്രിസ്തുമതം ഉപേഷിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് മൂന്ന് വർഷത്തെ തടവിനൊടുവിൽ 1752 ജനുവരി 14ന് കന്യാകുമാരി ആരുവാമൊഴിയ്ക്ക് സമീപം കാറ്റാടിമലയിൽ വച്ച് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് ചരിത്രം.
2012 ഡിസംബർ രണ്ടിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരം കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് കത്തീഡ്രലിലാണ് സംസ്‌കരിച്ചത്. നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലെ ചൊവ്വല്ലൂർ പൊറ്റ ദേവാലയമാണ് ദേവസഹായം പിള്ളയുടെ നാമത്തിലുള്ള ആദ്യ പള്ളി. തിരുശേഷിപ്പും ഇടവകയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |