ബംഗളൂരു: വടക്കൻ കർണാടകയിലെ ഹുബ്ലി ജില്ലയിലെ ബുദർസിംഗി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന്റെ ചുമരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. ചോക്ക് ഉപയോഗിച്ചാണ് അക്രമികൾ 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യങ്ങൾ എഴുതിവെച്ചിരിക്കുന്നത്. ടിപ്പു സുൽത്താൻ എന്നും ചോക്കുകൊണ്ട് എഴുതിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 8.30 ഓടെ ചുമരുകളിലെ പാക് അനുകൂല മുദ്രാവാക്യങ്ങൾ നാട്ടുകാരാണ് ആദ്യം കണ്ടത്. ശേഷം സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സ്‌കൂൾ വികസന- നിരീക്ഷണ സമിതി പൊലീസിൽ പരാതി നൽകുകയും, അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചവരെ സ്കൂളിൽ ക്ലാസുകൾ നടന്നിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. മുതിർന്ന പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ സന്ദർശിച്ച് അധ്യാപകരുമായും ഗ്രാമത്തലവന്മാരുമായും ചർച്ച നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |