ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ സംഘർഷ ബാധിത പ്രദേശത്തേക്കെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഡൽഹിയിൽ കലാപം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം സ്ഥലവാസികളുമായി സംസാരിക്കുകയും ചെയ്തു. മൗജ്പുർ, സീലംപുർ, ജഫ്‌റാബാദ് എന്നീ കലാപ ബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. അജിത് ഡോവലിനെ കണ്ട ജനങ്ങൾ കലാപസമയത്ത് തങ്ങൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ അദ്ദേഹത്തോട് വിവരിച്ചു. തങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ് ഉണ്ടായതെന്നും ജനങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണെന്ന് അജിത് ഡോവൽ പ്രസ്താവിച്ചു.
കലാപം വിലയിരുത്തുന്നതിനായി അദ്ദേഹം സ്ഥലത്തെ മുസ്‌ലിം നേതാക്കളുമായും ചർച്ചകൾ നടത്തി. ഡൽഹിയിലെ കലാപം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ മൂന്ന് തവണ യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷമാണ് ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനായി അജിത് ഡോവലിനെ അങ്ങോട്ട് അയക്കാൻ ആഭ്യന്തര മന്ത്രി തീരുമാനിച്ചത്. തുടർന്ന് ഇന്നലെ രാത്രി തന്നെ അജിത് ഡോവൽ ഡൽഹിയിലേക്ക് എത്തി.
ഇന്നലെ പുലർച്ചെ മുതൽ ഡൽഹിയിലെ സംഘർഷ ബാധിത പ്രദേശങ്ങളിലും അജിത് ഡോവൽ യാത്രകൾ നടത്തി. ഡോവലിന്റെ സന്ദർശനത്തിന് ശേഷമാണ് ഈ പ്രദേശങ്ങളിൽ എല്ലാം കേന്ദ്ര സേനയെ വിന്യസിക്കാനും അത് ഡൽഹിയിൽ എവിടെയൊക്കെ വേണമെന്നുമുള്ള തീരുമാനങ്ങൾ വന്നത്. തുടർന്ന് ഇന്ന് രാവിലെ മുതൽ കേന്ദ്ര സേന സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് എത്തിയിട്ടുണ്ട്. നിലവിൽ അക്രമങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടാണ്. തുടർന്ന് ഉച്ചക്ക് ശേഷം അജിത് ഡോവൽ വീണ്ടും കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |