ലാഹോർ: അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിൽ മൂന്ന് ബില്ല്യൺ ഡോളറിന്റെ ആയുധ കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചത്. ഇതോടെ തങ്ങളുടെ കൈവശമുള്ള ഏറ്റവും മികച്ച ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകും എന്ന പ്രസിഡന്റ് ട്രംപിന്റെ വാഗ്‌ദാനം നിറവേറ്റപ്പെടും എന്നാണ് വിവരം. എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട ഈ കരാറിൽ അങ്ങേയറ്റം ആശങ്ക കാട്ടുന്നത് ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനാണ്.
പ്രഹരശേഷിയിൽ മുൻപിൽ നിൽക്കുന്ന അപ്പാച്ചെ എ.എച്ച്-64 ഹെലികോപ്റ്ററുകൾ ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചതാണ് പാകിസ്ഥാന്റെ മുട്ടിടിപ്പിക്കുന്നത്. ഈ ശ്രേണിയിലുള്ള ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യൻ വാങ്ങാൻ ഉദേശിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന ഈ കോംബാറ്റ് ഹെലികോപ്ടർ ഇന്ത്യൻ സൈന്യത്തിന് മികച്ച മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
മുൻപ്, പുതിയ ഹെലികോപ്റ്ററുകൾ കൈവശപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമം പരാജയപ്പെടുത്തിരുന്നു. അപ്പാച്ചെയെക്കാൾ ഭാരം കുറഞ്ഞ 15 എ.എച്ച് 1 സെഡ് വൈപ്പർ വിമാനങ്ങളാണ് 2015ൽ പാകിസ്ഥാൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ കൈമാറ്റം 2018ൽ ട്രംപ് സർക്കാർ തടഞ്ഞതോടെ പാകിസ്ഥാൻ പ്രതിസന്ധിയിലായി.
പിന്നീട് തുർക്കിയിൽ നിന്നും മറ്റൊരു ശ്രേണിയിൽ പെട്ട ഹെലികോപ്റ്ററുകൾ(അങ്കാറ ടി 129) പാകിസ്ഥാൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഈ ഹെലികോപ്ടറിന്റെ എൻജിൻ നിർമിച്ചത് അമേരിക്കൻ കമ്പനി ആയതിനാൽ അത് സാധിച്ചില്ല. തുർക്കിക്ക് ഈ ഹെലികോപ്ടറിന്റെ കയറ്റുമതി ലൈസൻസ് അമേരിക്ക നൽകാതിരുന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്.
അമേരിക്കയിൽ നിന്നുതന്നെ വാങ്ങിയ ഏറെ പഴകിയ എ.എച്ച് 1 എഫ് കോബ്രാ ഹെലികോപ്ടറുകളാണ് പാകിസ്ഥാൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ മികച്ച ഹെലികോപ്റ്ററുകൾ സ്വന്തമാക്കണമെന്ന ഉദ്യമത്തിൽ പാകിസ്ഥാൻ ഇപ്പോൾ ചൈനയുടെ പടിവാതിൽക്കലാണ് എത്തിനിൽക്കുന്നത്. റഷ്യയുടെ സഹായം ഉപയോഗിച്ച് ചൈന നിർമിച്ച സെഡ് 10 എന്ന പേരിലുള്ള ഹെലികോപ്ടറിലാണ് പാകിസ്ഥാൻ ഇപ്പോൾ കണ്ണുവച്ചിരിക്കുന്നത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഈ ഹെലികോപ്റ്റർ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മോശം എൻജിനുകളും ആയുധവാഹന ശേഷിയിൽ പിന്നിൽ നിൽക്കുന്നതുമായ ഈ ഹെലികോപ്റ്ററിനെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല നിലവിലുള്ളത്. ഏതായാലും ഇന്ത്യയെ 'തോൽപ്പിക്കാൻ' ഈ ആയുധം കൊണ്ട് തൃപ്തിപ്പെടേണ്ട ദുരവസ്ഥയിലാണ് പാകിസ്ഥാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |