തിരുവനന്തപുരം: ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു. ഇടതുമുന്നണിയുമായി സഹകരിക്കുന്നതുകൊണ്ട് പാർട്ടിക്കോ ആദിവാസി സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ല. മുന്നണിയിലാണെങ്കിൽ പോലും ഒറ്റയ്ക്ക് നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. സി.കെ. ജാനു 'ഫ്ളാഷി'നോട്..
ഞങ്ങളെ പറഞ്ഞ് പറ്റിച്ചു
ഇടതുമുന്നണിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്ന കാര്യത്തിൽ പാർട്ടിക്കകത്ത് സജീവ ചർച്ച നടക്കുന്നുണ്ട്. പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്നും പിന്നീട് മുന്നണിയിൽ എടുക്കാമെന്നുമായിരുന്നു എൽ.ഡി.എ ഫ് നേതാക്കൾ നൽകിയ വാഗ്ദാനം. മുന്നണിയിലെ ഘടകകക്ഷിക്കുള്ള വിഹിതവും അവകാശങ്ങളും ഞങ്ങൾക്കുണ്ടായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, ആ ധാരണയനുസരിച്ചുള്ള നിലപാടല്ല ഇപ്പോൾ ഇടത് നേതാക്കൾ സ്വീകരിക്കുന്നത്. നൽകാമെന്ന് പറഞ്ഞ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഞങ്ങളുടെ ആവശ്യമനുസരിച്ച് പട്ടികജാതി-പട്ടികവർഗ കോർപ്പറേഷൻ നൽകാമെന്നും ഇടത് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, നൽകിയില്ല. അർഹിക്കുന്നത് കിട്ടാതെ മുന്നണിയിൽ തുടരേണ്ടെന്നാണ് പാർട്ടി നിലപാട്.
ലയനനീക്കവുമായി കാനം
മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്‌ണൻ, എ.കെ. ബാലൻ, വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കളുമായി പല തവണ ചർച്ച നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഞങ്ങളും തമ്മിലാണ് കൂടുതൽ ചർച്ച നടത്തിയത്. ഒരു ഘട്ടത്തിൽ സി.പി.ഐയുമായി ലയിക്കണമെന്ന നിലപാട് കാനം സഖാവ് മുന്നോട്ട് വച്ചു. എന്നാൽ, അങ്ങനെയൊരു ഉദ്ദേശ്യമില്ലെന്നും ലയിക്കില്ലെന്നാണ് പാർട്ടി നിലപാടെന്നും ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചു. അതിനുശേഷം ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് അർഹിക്കുന്ന പിന്തുണ കാനത്തിൽ നിന്നും ലഭിച്ചില്ല.
അടിയന്തര പരിഹാരം വേണം
എൽ.ഡി.എഫ് സർക്കാർ ആദിവാസി സമൂഹത്തിന് വേണ്ടി കുറച്ച് കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ട്. ഒന്നും ചെയ്‌തില്ലെന്ന് പറയുന്നില്ല. എന്നാ ൽ, ആദിവാസി സമൂഹത്തിന്റെ വിവിധ ഭൂമി വിഷയങ്ങൾ ഇപ്പോഴും പരിഹാരം കാണാതെ അവശേഷിക്കുകയാണ്. ലൈഫ് പദ്ധതി കൊട്ടിഘോഷിക്കുമ്പോഴും സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസികൾ ഒട്ടനവധിയുണ്ട്. പുനരധിവാസ പദ്ധതികളിൽ തികഞ്ഞ അലംഭാവമാണ് സർക്കാർ കാട്ടുന്നത്. സമ്പൂർണ വൈദ്യുതിവത്കരണമെന്ന് പറയുമ്പോഴും കോഴിക്കോട് ബാലുശേരിയിൽ വൈദ്യുതിയില്ലാത്ത ആദിവാസി കോളനികളെപ്പറ്റിയുള്ള വാർത്തകൾ നമ്മൾ കഴിഞ്ഞ ദിവസം കണ്ടതാണ്. തൊഴിലില്ലായ്‌മ ആദിവാസി ഊരുകളിൽ വർദ്ധിക്കുകയാണ്. ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഗൗരവമായി ഇടപെടേണ്ട സാഹചര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |