തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും അടച്ചുപൂട്ടിയതോടെ മദ്യത്തിനായി കുടിയൻമാർ പരക്കം പായുമ്പോൾ കോടിക്കണക്കിന് രൂപയുടെ മദ്യം അൺലോഡ് ചെയ്യാനാകാതെ വാഹനങ്ങളിൽ തുടരുന്നത് എക്സൈസിന് പണിയായി. ബിവറേജസ് വിൽപ്പനശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നതിനാൽ ഗോഡൗണുകളിലും ഔട്ട് ലറ്റുകളിലും മദ്യവുമായെത്തിയ ലോറികളിൽ നിന്ന് ചരക്ക് ഇറക്കാൻ കഴിയാതെപോയതാണ് പ്രശ്നമായത്. നിരോധനാജ്ഞപോലുള്ള നിയന്ത്രണങ്ങൾ കടുത്തതോടെ പലയിടത്തും കയറ്റിറക്ക് തൊഴിലാളികളെ കിട്ടാതായി. ഇതോടെ ലോഡ് ഇറക്കൽ അനിശ്ചിതമായി നീളുകയായിരുന്നു. ഗോഡൗണുകളുടെയും വിൽപ്പനശാലകളുടെയും പരിസരത്താണ് ലോറികൾ കിടക്കുന്നത്. സുരക്ഷിതമായി മദ്യം ഇറക്കിവയ്ക്കണമെങ്കിൽ തൊഴിലാളികളെയും കാവലിന് ആവശ്യമായ പൊലീസിനെയോ എക്സൈസിനെയോ വിട്ടുകിട്ടണം.
കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പൊലീസ് പൂർണതോതിൽ മുഴുകിയതോടെ മദ്യക്കുപ്പിക്ക് കാവൽ നിൽക്കാൻ അവരെ കിട്ടാത്ത സ്ഥിതിയാണ്. പൊതുവേ സേനാബലം കുറവായ എക്സൈസിനാകട്ടെ ബാറുകളും വിൽപ്പനശാലകളും അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവിൽപ്പന നിരീക്ഷിക്കാനും പിടികൂടാനുമുള്ള ഭാരിച്ച ചുമതലയുമായി.
മദ്യവുമായെത്തിയ ലോറികളുടെ ഡ്രൈവർമാർ സാധനം ഇറക്കി തിരികെപോകാൻ ബെവ്കോ ജീവനക്കാരെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോറികളിൽ മദ്യമാണെന്ന് അറിഞ്ഞാൽ രാത്രികാലങ്ങളിലും മറ്റും സംഘടിച്ചെത്തി തങ്ങളെ അക്രമിച്ച് കുപ്പികൾ കവരുമോയെന്നാണ് ലോറി ജീവനക്കാരുടെ ഭയം. സംസ്ഥാനത്തെ 23 ഓളം ഗോഡൗണുകളിലായി 70 ഓളം ലോറികളാണ് മദ്യവുമായിപെട്ടിരിക്കുന്നത്. രാത്രിയിൽ എക്സൈസ് ജീവനക്കാരുടെ കാവലിൽ മദ്യം ഇറക്കിവച്ച് പ്രശ്നം പരിഹരിക്കാൻ എക്സൈസ് - ബെവ്കോ ജീവനക്കാർ തമ്മിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ ഇവിടങ്ങളിൽ നിരീക്ഷണം നടത്താൻ എക്സൈസ് എൻഫോഴ്സ്‌മെന്റ് വാഹനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |