റോം: കഴിഞ്ഞ ദിവസങ്ങളിൽ നേരിയ പ്രതീക്ഷയ്ക്ക് വക കണ്ടെങ്കിലും ഇറ്റലിയിൽ വീണ്ടും കൊറോണ കനത്ത നാശംവിതയ്ക്കുന്നു. ഇറ്റലിയിൽ ഇതേവരെ മരിച്ചവരുടെ എണ്ണം 8,215 ആയി. 80,589 പേരാണ് രാജ്യത്ത് രോഗബാധിതരായുള്ളത്. 24 മണിക്കൂറിനുള്ളിൽ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. 6,153 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചവരിൽ 10,361 പേർ രോഗവിമുക്തരായിട്ടുണ്ട്. ഇറ്റലിയിൽ മരിച്ചവരിൽ 33 പേർ ഡോക്ടർമാരാണ്. 5,000ത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഇറ്റലിയിൽ കൊറോണ മരണ നിരക്ക് നേരിയ തോതിൽ കുറഞ്ഞിരുന്നെങ്കിലും ലംബാർഡി മേഖലയിലടക്കം വൈറസ് ബാധ ശക്തി പ്രാപിക്കുകയായിരുന്നു. ലംബാർഡിയിലും ഇറ്റലിയിലെ വടക്കൻ മേഖലകളിലും സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ രണ്ട് ദിവസമായി കാംപാനിയ, ലാസിയോ തുടങ്ങിയ ഇറ്റലിയുടെ ദക്ഷിണ മേഖലകളിൽ കൊറോണയുടെ നാശം വർദ്ധിച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കൂടാനിടയുണ്ട്.
മാർച്ച് 12നാണ് ഇറ്റലിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യവാരത്തോടെയോ ഇറ്റലിയിൽ കൊറോണ അതിന്റെ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഫാർമസികളും ആവശ്യവസ്തുക്കൾ വില്ക്കുന്ന സ്ഥാപനങ്ങളും ഒഴിച്ചാൽ ഇറ്റലിയിലെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |