ന്യൂയോർക്ക്: ചൈനയേയും ഇറ്റലിയേയും മറികടന്ന് അമേരിക്ക ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യമായ. 90,000ത്തോളം പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. വൈറസ് വാഹകരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിൽ.
കാട്ടുതീ പോലെ പടരുന്ന കൊറോണ രാജ്യത്തെയാകെ ഭീതിയിലാക്കിയിരിക്കയാണ്.
ഒറ്റദിവസം കൊണ്ട് 17,224 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1300ലധികം പേർ മരിച്ചു. ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യു.എസ് ആയിരിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിൽ 82,000ത്തോളം രോഗികളും ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ 81,589 രോഗികളുമാണുള്ളത്. അമേരിക്കയിലെ 40 ശതമാനം പ്രദേശങ്ങളും ലോക്ക്ഡൗണിലാണ്. എന്നാൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ ചെയ്യില്ലെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാട്. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീട്ടിൽ കഴിയണമെന്നും ട്രംപ് നിർദ്ദേശിച്ചിരുന്നു.
വൈറസ് വ്യാപനത്തിൽ തുടക്കത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ചയ്ക്കു കണക്കു പറയുകയാണ് അമേരിക്ക എന്നാണ് വിലയിരുത്തൽ. രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടക്കുന്ന സ്ഥിതിയിൽ എത്തിയപ്പോൾ മാത്രമാണ് വ്യാപകമായി രോഗ പരിശോധന നടത്താൻ പോലും അധികൃതർ മുൻകൈയെടുത്തത്.
ഏറ്റവുമധികം രോഗബാധിതരുള്ള ന്യൂയോർക്കിൽ സ്ഥിതി അതിഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികളിൽ രോഗികൾക്ക് ആവശ്യമുള്ളത്ര കിടക്കകളില്ല. പല ആശുപത്രികളും വാർഡുകളിൽ നിന്ന് മറ്റു രോഗികളെ മാറ്റി കൊറോണ ബാധിതർക്ക് സ്ഥലമൊരുക്കുകയാണ്.
ലൂസിയാനയിൽ മൂന്ന് പാർക്കുകൾ ഐസൊലേഷൻ യൂണിറ്റുകളാക്കി.
വാഷിംഗ്ടൺ ഡിസിയിൽ അവശ്യ സ്വഭാവമില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചു. ആൾക്കൂട്ടം നിരോധിച്ചു.
ജനങ്ങൾ സാമൂഹിക അകലം ഉറപ്പാക്കിത്തുടങ്ങിയതോടെ ന്യൂയോർക്കിൽ, രോഗികളുടെ എണ്ണം കുറയുകയാണെന്ന് അധികൃതർ.
ചികിത്സയ്‌ക്കും പ്രതിരോധത്തിനുമായി സർക്കാർ രണ്ട് ലക്ഷം കോടി ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ചു.
മരണം 81,000 കവിയും
നാല് മാസത്തിനുള്ളിൽ അമേരിക്കയിൽ കൊറോണ മരണം 81,000 കവിയുമെന്ന് വാഷിംഗ്ടൺ സ്‌കൂൾ ഓഫ് മെഡിസിന്റെ പഠന റിപ്പോർട്ട് പറയുന്നു.
ഏപ്രിൽ രണ്ടാംവാരത്തോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. ജൂണിൽ മരണം കുറയുമെങ്കിലും ജൂലായ്ക്ക് ശേഷവും മരണം തുടരും.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്കും സമൂഹവ്യാപന സാദ്ധ്യതയും മറ്റും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കുറഞ്ഞത് 38,000 പേരും കൂടിയത് 1,62 000 പേരും മരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |