തിരുവനന്തപുരം: സ്ഥിരമായി മദ്യപിച്ചിരുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങളിലോ ആത്മഹത്യയിലോ എത്തിച്ചേരും. ഇത് മുന്നിൽ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാരെ ചികിത്സിക്കേണ്ട മാർഗനിർദേശങ്ങളും നൽകി. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഈ കേന്ദ്രങ്ങളിലെത്തിയാൽ മതി. കൂടുതൽ ചികിത്സ ആവശ്യമാണെങ്കിൽ താലൂക്ക്, ജനറൽ, ജില്ലാതല ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതാണ്. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സയ്ക്കായി 20 കിടക്കകൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരാണ് ഇത്തരക്കാരെങ്കിൽ അവരെ ഐസൊലേഷനിൽ ചികിത്സിക്കും.
ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാവർക്കർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ മുഖേന ബോധവത്കരണവും നടത്തുന്നുണ്ട്.
എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവർ ഏറെ ശ്രദ്ധിക്കണം. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ഛർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിറുത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ആൾക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം ആകാൻ സാദ്ധ്യതയുണ്ട്.
ഈ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. പനിയോ ജലദോഷമോ ഉണ്ടെങ്കിൽ അത് ഉറപ്പായും അറിയിക്കണം. ആൾക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ ഡിലീരിയം ആകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.
സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തിരഞ്ഞെടുക്കരുത്. ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ലാ മാനസികാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർമാരുടെ നമ്പരുകളിലേക്കോ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |