തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാർ വീട്ടിൽ നിരീക്ഷണത്തിൽ. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ഇയാളിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് പേർക്കാണ് തലസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർക്ക് രോഗം ഭേദമായി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണ് ഇന്നുരാവിലെ എട്ടുമണിയോടെ മരിച്ചത്. ദുബായിലായിരുന്ന ഇയാൾ ഇൗ മാസം പതിനാറിനാണ് നാട്ടിലെത്തിയത്. നീരീക്ഷണത്തിൽ കഴിയവെ പനി കടുത്തതോടെ ഇരുപത്തിരണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് നേരത്തേ രക്ത സമ്മർദ്ദവും കടുത്ത ഹൃദ്‌രോഗബാധയുമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ശ്വാസകോശരാേഗംകൂടി ബാധിച്ചതോടെ അവസ്ഥ കൂടുതൽ വഷളാവുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തു. എന്നാൽ ഇന്നുരാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 800 കടന്നു. രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇന്നലെ മാത്രം 39 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 164 ആയി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |