# മൃതദേഹം തൂങ്ങിനിന്ന മുറിയിൽ
ഒരു രാത്രി മുഴുവൻ ഉറങ്ങി
പോത്തൻകോട്: ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിൽ ആട്ടോ ഡ്രൈവറായ യുവാവ് അറസ്റ്റിൽ. പോത്തൻകോട് നന്നാട്ടുകാവ് ജി.വി.എൻ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന വാമനപുരം ആനാകുടി കുന്നുംപുറത്ത് വീട്ടിൽ ആദർശിനെയാണ് (26) പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തത്. വേറ്റിനാട് ഐക്കുന്നം ശിവാലയം വീട്ടിൽ രാജേന്ദ്രൻ - ലീന ദമ്പതികളുടെ മൂത്തമകൾ രാകേന്ദുവാണ് (24) കൊല്ലപ്പെട്ടത്.
ഈ മാസം 23ന് ആയിരുന്നു സംഭവം.സ്കൂൾ പഠനകാലത്തേ പ്രണയത്തിലായ ഇവർ കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. രണ്ട് ജാതിയിൽപ്പെട്ടവരായതിനാൽ രാകേന്ദുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. രാകേന്ദു നീറമൺകര എൻ.എസ്.എസ് കോളേജിൽ അവസാന വർഷ ഡിഗ്രിക്ക് പഠിക്കവെയാണ് ആദർശ് കൂട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്.
പൊലീസ് പറയുന്നത്: ആദർശിന്റെ മദ്യപാനത്തെ ചൊല്ലി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം ആദർശ് വീട്ടിലിരുന്ന് മദ്യപിച്ചു. അതേചൊല്ലി വഴക്കായതോടെ മുറിയിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് അടിച്ചു. നിലവിളി പുറത്ത് വരാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു. കുപ്പിയിൽ അവശേഷിച്ച മദ്യം വായിലേക്ക് ഒഴിച്ചു. അബോധാവസ്ഥയിലായ രാകേന്ദുവിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂക്കി. അതിനുശേഷം അതേമുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ 10 മണിയോടെ, രാകേന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ബന്ധുക്കളെ ധരിപ്പിച്ചു. മൃതദേഹം അഴിച്ചെടുത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. തൂങ്ങിമരിച്ചെന്നാണ് വെളിപ്പെടുത്തിയത്. മൃതദേഹ പരിശോധനയിൽ രാകേന്ദുവിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി. ഫാനിൽ കെട്ടിത്തൂക്കിയതിലും അസ്വാഭാവികത പൊലീസ് കണ്ടെത്തി. എങ്കിലും മൊഴിയെടുത്ത് വിട്ടയച്ച ആദർശിനെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി മൃതദേഹത്തിൽ കണ്ട മുറിവുകളെ സംബന്ധിച്ച് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബി, പോത്തൻകോട് സി.ഐ ഡി.ഗോപി, എസ്.ഐ വി. അജീഷ്, അഡിഷണൽ എസ്.ഐ രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |