തിരുവനന്തപുരം: പോത്തൻകോട്ട് റിട്ട.പൊലീസുകാരൻ കൊറോണ ബാധിച്ച് മരിച്ചതോടെ ഇയാൾ പനിയും ലക്ഷണങ്ങളുമായി ആദ്യം ചികിത്സ തേടിയ വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ആശുപത്രിയിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അബ്ദുൾ അസീസ് ചിട്ടി ലേലത്തിൽ പങ്കെടുത്ത അയിരൂപ്പാറ ഫാർമേഴ്സ് സഹകരണ ബാങ്കും പൂട്ടി. ബാങ്കിലെ സിസി. ടി.വി ദൃശ്യങ്ങളിൽ നിന്ന് ചിട്ടി ദിവസം അവിടെയെത്തിയ ഇടപാടുകാരെ തിരിച്ചറിഞ്ഞ് ഹോം ഐസൊലേഷനിലാക്കാനുള്ള നടപടികൾ തുടങ്ങി. ഇതുകൂടാതെ അബ്ദുൾ അസീസ് രോഗ ബാധിതനായ ദിവസങ്ങളിൽ ഇയാളുമായി അടുത്ത് ഇടപഴകിയ മുഴുവൻ പേരെയും തിരിച്ചറിഞ്ഞ് സമൂഹവ്യാപന സാദ്ധ്യതകൾ ഇല്ലാതാക്കാനുള്ള തീവ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്.
നാട്ടുകാരുമായി പരിധിവിട്ട സൗഹൃദം പുലർത്തുന്ന പ്രകൃതക്കാരനായിരുന്നില്ല അബ്ദുൾ അസീസെന്നാണ് വിവരം. വിദേശ സന്ദർശനം നടത്തിയിട്ടില്ലാത്ത അബ്ദുൾ അസീസിന് രോഗ ബാധയുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ലാത്തതിനാൽ ഉറവിടം ഇപ്പോഴും ആരോഗ്യവകുപ്പിന് അജ്ഞാതമാണ്. പ്രദേശത്തെങ്ങും രോഗ ബാധയുണ്ടായിരുന്നില്ല.രോഗ ബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയശേഷവും പള്ളിയിൽ നിസ്കാരത്തിൽ സംബന്ധിച്ചതായ സംശയങ്ങൾ നാട്ടുകാർ പലരും പ്രകടിപ്പിക്കുന്നുണ്ട്.പള്ളിയിൽ പതിവായി പോകുകയും നിസ്കാരമുൾപ്പെടെ മതപരമായ ചടങ്ങുകളിലെല്ലാം സംബന്ധിക്കുകയും ചെയ്യുന്ന ആളായിരുന്നു. ഇതുകൂടാതെ കൊയ്ത്തൂർക്കോണത്തും കബറടിയിലും രണ്ട് മരണങ്ങളിലും അതിന് മുമ്പ് പോത്തൻകോട്ടെ രാജശ്രീ ആഡിറ്റോറിയത്തിൽ നടന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങിലും സംബന്ധിച്ചിരുന്നു. ഇതിൽ പങ്കെടുത്ത ആരൊക്കെയായി അബ്ദുൾ അസീസ് അടുത്ത് ഇടപഴകിയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
അബ്ദുൾ അസീസ് മരിച്ചതോടെ കുടുംബശ്രീയുടെ സജീവപ്രവർത്തകയായ ഭാര്യയും കെ.എസ്.ആർ.ടി.സി വികാസ് ഭവൻ ഡിപ്പോയിലെ കണ്ടക്ടറായ മകളും തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം മറ്റൊരു മകളുടെ വീട്ടിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവരുമായി സഹകരിച്ചവരും കരുതലെന്ന നിലയിൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. രോഗപ്രതിരോധവും മുൻകരുതലുകളും സംബന്ധിച്ച കാര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ ഉച്ചയോടെ പ്രദേശത്ത് ഉച്ചഭാഷിണിവഴി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകും. അബ്ദുൾ അസീസിന്റെ അയൽവാസികളെല്ലാം ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |