കേപ്ടൗൺ: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 10,000 കടന്നതായി ലോകാരോഗ്യ സംഘടന. 500 ഓളം പേർ ഇതേവരെ ആഫ്രിക്കയിൽ മരിച്ചതായാണ് കണക്കുകൾ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൊവിഡ് കേസ് ഫെബ്രുവരിയിൽ ഈജിപ്റ്റിലാണ് റിപ്പോർട്ട് ചെയ്തത്. വരും ആഴ്ചകളിൽ ആഫ്രിക്കയിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.
കൊവിഡ് വ്യാപനം ആഫ്രിക്കയിൽ സാമ്പത്തികമായും സാമൂഹികമായും നിരവധി പ്രതിസന്ധികൾക്കും കാരണമാകും. കൊവിഡിനിതെിരെ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇതേവരെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമാണ് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടാതെയുള്ളു. ബാക്കി 52 രാജ്യങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവയിൽ ഭൂരിഭാഗവും ലോക്ക്ഡൗണിലോ അടിയന്തരാവസ്ഥയിലോ തുടരുകയാണ്. ആഫ്രിക്കയിൽ ഇതേവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആകെ 10,068 കൊവിഡ് കേസുകളും 487 മരണവുമാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 993 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം. 1,686 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. കൊമോറസ്, ലെസോതോ എന്നിവയാണ് കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത ആഫ്രിക്കൻ രാജ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |