കൊല്ലം: പ്രണയത്തിന്റെ ആ ചെമ്പനീർപ്പൂവ് കൊഴിഞ്ഞു, സഖാവ് വിക്രമന് യാത്രാമൊഴി. ഓച്ചിറ പായിക്കുഴി മണ്ടത്ത് ഹൗസിൽ ജി.വിക്രമൻ(75) ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം മൂന്നാഴ്ചയായി ഓച്ചിറ വലിയകുളങ്ങര ചെമ്പുവിളയിൽ വീട്ടിൽ ഭാര്യ അനിതയ്ക്കൊപ്പമായിരുന്നു വിക്രമൻ. പ്രണയം മൊട്ടിട്ട് 32 വർഷം കടന്നുപോയ ശേഷം വിക്രമൻ അനിതയുടെ കരം ഗ്രഹിച്ചതും പിന്നീടുണ്ടായ ദുരിതങ്ങളും ഇക്കഴിഞ്ഞ പ്രണയ ദിനത്തിൽ 'ഓർമ്മയില്ലാത്ത ഈ ദുരിതക്കിടപ്പിൽ ഓർമ്മകളുടെ വിഷാദ മന്ദസ്മിതം' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. എഴുപത്തഞ്ചിന്റെ അവശതകളും സ്ട്രോക്ക് വന്നതിന്റെ ആഘാതവുമായി ഓർമ്മപോലുമില്ലാതെ ഒരേ കിടപ്പിലായ വിക്രമന് അരച്ചെടുത്ത ആഹാരം ചുണ്ടുകളിലേക്ക് ഇറ്റിച്ചുകൊടുക്കുന്ന അമ്പത്തഞ്ചുകാരിയായ അനിതയുടെ സ്നേഹ മനസ് പ്രണയദിനത്തിൽ പങ്കുവച്ചപ്പോഴും അനിതയ്ക്കും മക്കൾക്കും സഖാവിന്റെ തിരിച്ചുവരവിൽ പ്രതീക്ഷകളുണ്ടായിരുന്നു. അത് ഇന്നലെ നഷ്ടമായി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതപ്പെടുത്തിയ ചടങ്ങുകളോടെ വിക്രമന്റെ മൃതദേഹം വൈകിട്ടോടെ അനിതയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ആ പ്രണയകഥ
ട്യൂട്ടോറിയൽ അദ്ധ്യാപകനായിരിക്കുമ്പോഴാണ് വിക്രമനും പത്താം ക്ളാസ് വിദ്യാർത്ഥിനിയായ അനിതയും പ്രണയം പങ്കുവച്ചത്. ചെങ്കൊടിയേന്തിയ ചെറുപ്പക്കാരന് മകളെ കൈ പിടിച്ചുകൊടുക്കാൻ പട്ടാളച്ചിട്ടക്കാരനായ അനിതയുടെ പിതാവ് പുരുഷോത്തമൻ തയ്യാറായില്ല. പായിക്കുഴി കണ്ണങ്കര വീട്ടിൽ ദേവദത്തനുമായി അനിതയുടെ വിവാഹം നടത്തി. പ്രണയം കനലായി മനസിൽ സൂക്ഷിച്ച വിക്രമൻ പ്രണയിനിക്കായി വാങ്ങിയ പട്ടുസാരിയും താലിയും കൂട്ടുകാരന്റെ വീട്ടിൽ ഒളിപ്പിച്ചുവച്ച് ചവറയിലേക്ക് ചേക്കേറി മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറുകയായിരുന്നു. 20 വർഷക്കാലം സി.പി.എമ്മിന്റെ ചവറ ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടി ഓഫീസിലെ കുടുസുമുറിയിലായിരുന്നു താമസവും. അനിതയുടെ ജീവിതത്തിലേക്ക് ഒരിക്കൽ പോലും കരിനിഴലായി ചെന്നെത്താത്തവിധം പ്രത്യേക ശ്രദ്ധയിലായിരുന്നു ജീവിതം.
എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിക്രമൻ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയായി വോട്ട് ചോദിക്കാൻ അനിതയുടെ വീട്ടിലുമെത്തി. ഭർത്താവ് ആത്മഹത്യ ചെയ്തതോടെ അനിത വിഷമ ജീവിതത്തിലാണെന്ന സത്യം മനസിലാക്കി. രണ്ട് പെൺമക്കളും ഒരു പേരക്കുട്ടിയുമടങ്ങുന്നതാണ് അനിതയുടെ കുടുംബം. തിരഞ്ഞെടുപ്പിൽ വിജയിച്ച് വിക്രമൻ പഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവായി. അപ്പോഴേക്കും അനിതയുടെ മക്കൾ ആഷ്ലിയും ആതിരയും പ്രണയത്തിന്റെ കഥകളറിഞ്ഞ് വിക്രമന്റെയും അനിതയുടെയും പുനഃസമാഗമത്തിന് വഴിയൊരുക്കി. 2016 ജൂലായ് 21ന് ആ പ്രണയജോഡികൾ ഒന്നിച്ചുള്ള ജീവിതമാരംഭിച്ചു. ജീവിതം പുതിയ പച്ചപ്പിലേക്ക് നീങ്ങിയപ്പോഴേക്കും രോഗം വില്ലനായി വിക്രമനൊപ്പം ചേർന്നു. സ്ട്രോക്ക് വന്ന് തളർന്നുപോയ വിക്രമൻ പിന്നീട് ആശുപത്രിയിലും വീട്ടിലുമായി ഓർമ്മയില്ലാതെ കഴിഞ്ഞുകൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |