ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനെതിരെ ജാഗത്ര തുടരാൻ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്നും 11ന് മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്‌ക്കു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാർലമെന്റിലെ കക്ഷി നേതാക്കളുമായി ഇന്നലെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, 11ന് കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം കേരളത്തിൽ ലോക്ക് ഡൗണിൽ ഇളവനുവദിക്കുന്നത് ആലോചിക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരമാനിച്ചു. കേരളത്തിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾക്ക് ആലോചിക്കുന്നത്. 13ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ തീരുമാനിച്ചതായതിനാൽ കേന്ദ്രത്തിന്റെ തുടർനടപടി അറിഞ്ഞിട്ട് മതി ക്രമീകരണങ്ങളെന്നാണ് ധാരണ.
ഇന്ത്യയടക്കം ചില രാജ്യങ്ങൾ കൊവിഡിനെ നിയന്ത്രിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിൽ ചൂണ്ടിക്കാട്ടി. എന്നാൽ സാഹചര്യങ്ങൾ അനുദിനം മാറുന്നതിനാൽ സദാ ജാഗരൂകരാകണം. രാജ്യത്ത് സാമൂഹ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമായതിനാൽ കടുത്ത തീരുമാനങ്ങൾ വേണ്ടിവന്നു. വിവിധ സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടങ്ങളും വിദഗ്ദ്ധരും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 14ന് ലോക്ക് ഡൗൺ പിൻവലിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എത്ര കാലത്തേക്ക് നീട്ടണമെന്നത് മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ തീരുമാനിക്കും.
നാലര മണിക്കൂറോളം നീണ്ട വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിക്കൊപ്പം പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുത്തു.
''മാറിയ സാഹചര്യത്തിൽ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിൽ രീതിയും മാറിയേ പറ്റൂ. കൊവിഡ് രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ലോകം ഇനി കൊവിഡിന് മുൻപും അതിനു ശേഷവും എന്ന രീതിയിൽ മാറും. അതെല്ലാം അതിജീവിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. ''
-പ്രധാനമന്ത്രി നരേന്ദ്ര മോദി
വീഡിയോ കോൺഫറൻസിൽ പ്രതിപക്ഷ ആവലാതികൾ
മഹാരാഷ്‌ട്രയിലും യു.പിയിലും സ്ഥിതി ആശങ്കാജനകം
ബീഹാറിലും ആന്ധ്രയിലും ഗ്രാമങ്ങളിൽ രോഗം തടയാൻ സംവിധാനമില്ല
സർക്കാരിന്റെ ആശ്വാസ പാക്കേജ് പര്യാപ്തമല്ല
മലയാളികളുടെ കൂട്ട വരവ് വെല്ലുവിളി
ലോക്ക് ഡൗണിൽ ഇളവ് വരുത്തുമ്പോൾ കേരളത്തിന്റെ പ്രധാന വെല്ലുവിളി അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് വരാനുള്ള സാദ്ധ്യതയാണെന്ന് ഇന്നലെ സംസ്ഥാന മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വരാൻ സാദ്ധ്യത. ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വരും. ഇവർ കൂട്ടത്തോടെ വന്നാൽ വീണ്ടും ക്വാറന്റൈൻ ശക്തിപ്പെടുത്തേണ്ടി വരും. കൂട്ട വരവ് ഒഴിവാക്കാൻ വേണ്ട നിയന്ത്രണങ്ങൾ തുടരും. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള സഞ്ചാരവും നിയന്ത്രണത്തോടെ മാത്രമേ അനുവദിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |