ന്യൂഡൽഹി : ഇന്ത്യയിലെ എല്ലാ സർക്കാർ - സ്വകാര്യ ലബോറട്ടറികളും കൊവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പരിശോധനകൾ സൗജന്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ്. രവീന്ദ്ര ഭട്ടുമുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
കൊവിഡ് 19 പരിശോധന നടത്തുന്ന സ്വകാര്യ ലാബുകൾക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ലബോറട്ടറീസ്, ലോകാരോഗ്യ സംഘടന, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നീ ഏജൻസികളുടെ അക്രഡിറ്റേഷൻ നിർബന്ധമായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സ്വകാര്യ ലാബുകൾ കൊവിഡ് ടെസ്റ്റിന് 4500 രൂപ ഈടാക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ശങ്കർദിയോ സുധി സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഉത്തരവ്.
വിഡീയോ കോൺഫൻസിലൂടെയാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ 118 സർക്കാർ ലബോറട്ടറികളിലാണ് കൊവിഡ് പരിശോധന നടത്തി വന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ദിവസവും 15,000 സാമ്പിളുകൾ ഇവിടെ പരിശോധിക്കുന്നു. രോഗം രൂക്ഷമായപ്പോൾ 47 സ്വകാര്യ ലാബുകൾക്ക് കൂടി പരിശോധയ്ക്ക് അനുമതി നൽകിയതെന്നും തുഷാർ മേത്ത അറിയിച്ചു. തുടർന്നാണ്, സ്വകാര്യ, സർക്കാർ ലാബുകൾ കൊവിഡ് ടെസ്റ്റുകൾ സൗജന്യമാക്കണമെന്ന് കോടതി ഉത്തരവിട്ടത്. സ്വകാര്യ ലാബുകൾക്ക് ചെലവാകുന്ന തുക സർക്കാർ നൽകുന്നതിനെക്കുറിച്ച് ആലോചിക്കാം. കേന്ദ്രം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കുള്ളിൽ സമർപ്പിക്കണം. ''രാജ്യം നേരിടുന്ന മഹാമാരിയെ ചെറുക്കാൻ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും പ്രധാനപങ്കുണ്ടെന്നും അതിനാൽ ഒറ്റക്കെട്ടായി പോരാടണമെന്നും 'ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |