തിരുവനന്തപുരം.കൊവിഡ് 19 നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും അടുത്ത ആറുമാസത്തേക്കുള്ള ധാന്യശേഖരം കൈവശമുണ്ടെന്നും ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു.കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും അരിയുമായി റെയിൽ വാഗണുകൾ കേരളത്തിലേക്ക് വരുന്നുണ്ട്.കേന്ദ്രത്തിലും അരിയുടെ വലിയ കരുതൽശേഖരം ഉണ്ട്.എന്നാൽ ചരക്കു ഗതാഗതത്തിലെ ചില തടസ്സങ്ങൾ മൂലം ചെറുപയർ,പഞ്ചസാര എന്നിവയുടെ കാര്യത്തിൽ ചെറിയ കുറവുണ്ടായി.മഹാരാഷ്ട്ര,രാജസ്ഥാൻ,കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ചെറുപയർ ശേഖരിക്കുന്നത്.മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം അവിടുത്തെ ഉത്പ്പാദകരെ ബാധിച്ചിട്ടുണ്ട്.പഞ്ചസാര മില്ലുകളും അടച്ചു.ഈ സാഹചര്യത്തിൽ മറ്റു പോംവഴികൾ തേടുകയാണ് സർക്കാർ.പൊതു വിപണിയിൽ ഇവ രണ്ടിനും വില അൽപ്പം കൂടിയതിന്റെ കാരണം ഇതായിരുന്നു.തെലുങ്കാനയിൽ നിന്ന് ചെറുപയർ വാങ്ങാൻ ശ്രമിക്കുന്നുണ്ട്.രണ്ട് ട്രക്ക് ലോഡ് സാമ്പിളായി അയക്കാൻ പറഞ്ഞിട്ടുണ്ട്.ഗുണനിലവാരം ഉറപ്പാക്കാതെ വാങ്ങാനാവില്ല.സവാള മഹാരാഷ്ട്രയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.അതിനും ചെറിയ പ്രശ്നങ്ങളില്ലാതില്ല.തമിഴ്നാട്ടിൽ നിന്നും ചരക്ക് ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.പൊതുജനങ്ങൾക്ക് അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.
സൗജന്യ റേഷൻ വിതരണം
വൻ വിജയമായി
സാധാരണ ഒരുമാസം കൊണ്ട് വിതരണം ചെയ്യുന്ന അരി എട്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം സുഗമമായി വിതരണം ചെയ്യാനായെന്ന് മന്ത്രി വിശദീകരിച്ചു.എല്ലാ കാർഡുകാർക്കും 15 കിലോ അരി സൗജന്യമായി നൽകാനുള്ള സർക്കാർ തീരുമാന പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ച വരെ 88.88 ശതമാനവും വിതരണം ചെയ്തു.പൊതു റേഷൻ വിതരണം ഒരു മാസത്തിനുള്ളിൽ 90 മുതൽ 94 ശതമാനം വരെ കാർഡുടമകളാണ് വാങ്ങാറുള്ളത്.ആ നിലയ്ക്ക് ഇത് വൻ വിജയമാണ്.അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.എഫ്.സി.ഐയിൽ നിന്ന് നല്ല അരിയാണ് ലഭിക്കുന്നത്.ഒറ്റപ്പെട്ട പരാതികൾ ഉടൻ തന്നെ പരിഹരിച്ചു.മോശമായ ധാന്യം വിതരണം ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.സ്റ്റോക്ക് തീർന്നതു മൂലം ചിലയിടങ്ങളിൽ പരാതി ഉണ്ടായി .ഏത് റേഷൻ കടകളിൽ നിന്നും ഉത്പ്പന്നം വാങ്ങാമെന്ന രീതി നടപ്പിലായതുമൂലമാണ് അത്തരം ചില പരാതികൾ ഉണ്ടായത്.ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാർക്കും ഏത് റേഷൻ കടകളിൽ നിന്നും വാങ്ങാമെന്ന സംവിധാനം കേന്ദ്രം നടപ്പിലാക്കുകയാണ്.ഇപ്പോൾ 12 സംസ്ഥാനങ്ങളിൽ ഈ സംവിധാനം നിലവിൽ വന്നു.അതിൽ കേരളവുമുണ്ട്.
ഈ മാസം 20 മുതൽ കേന്ദ്ര വിഹിതമായ അരിയും മറ്റും വിതരണം ചെയ്യും.കേരളത്തിൽ മഞ്ഞ ,പിങ്ക് കാർഡ് ഉടമകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.കഴിയുന്നത്ര വേഗം വിതരണം പൂർത്തിയാക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വെള്ളക്കാർഡ് ഉടമകൾക്കും 15 കിലോ അരി സർക്കാർ സൗജന്യമായി നൽകിയതെന്ന് മന്ത്രി തിലോത്തമൻ പറഞ്ഞു.കൈയ്യിൽ കാശുണ്ടായാലും പുറത്തുപോയി വാങ്ങാൻ കഴിയില്ല.അപ്പോൾ എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയെന്ന നയമാണ് സർക്കാർ സ്വീകരിച്ചത്.
സൗജന്യ കിറ്റിന്റെ വിതരണം തുടങ്ങിയിട്ടുണ്ട്.എന്നാൽ വേണ്ടാത്തവർക്ക് അത് വേണ്ടെന്ന് അറിയിക്കാം.റേഷൻ കാർഡിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും 6235280280 എന്ന നമ്പറിലേക്ക് പത്തക്ക റേഷൻ കാർഡ് നമ്പർ എസ്.എം.എസ് നൽകിയാൽ മതി.
റേഷൻ കാർഡിന് പ്രിയമേറി
സർക്കാരിന്റെ 15 കിലോ സൗജന്യ അരി എല്ലാവിഭാഗക്കാരും സന്തോഷത്തോടെ സ്വീകരിച്ചു.റേഷൻ കാർഡിന് പ്രിയമേറിയിരിക്കുകയാണ്.റേഷൻ കാർഡ് ഇപ്പോൾ പ്രധാനമായ രേഖയാണ്.പുതിയ റേഷൻ കാർഡ് ലഭിക്കാനുള്ള മാർഗങ്ങൾ സർക്കാർ ലഘൂകരിച്ചിട്ടുണ്ട്.നേരുത്തെ റസിഡൻസ് സർട്ടിഫിക്കറ്റ് വേണമായിരുന്നു.വാടകയ്ക് താമസിക്കുന്നവർക്ക് അത് പ്രശ്നമായിരുന്നു.ഇപ്പോൾ അതൊഴിവാക്കി.ആധാർ കാർഡുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം .മൂന്നോ നാലോ ദിവസത്തിനുള്ളിൽ കാർഡ് ലഭിക്കും.ആധാർ ഉൾപ്പെടെ 10 ഘടകങ്ങൾ പറയുന്നുണ്ട്.ഏതെങ്കിലും ഉപയോഗിച്ച് അപേക്ഷനൽകാം.കൊവിഡ്പശ്ചാത്തലത്തിൽ റേഷൻ കാർഡിനുള്ള പുതിയ അപേക്ഷകൾ പരിഗണിക്കുന്നത് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.റേഷൻ കടകളിലൂടെ പലവ്യഞ്ജന സാധനങ്ങൾ വിൽക്കാൻ സർക്കാർ തയ്യാറാണ്.ഇപ്പോൾ കൊട്ടാരക്കര,കരുനാഗപ്പള്ളി താലൂക്കുകളിൽ ആരംഭിച്ചിട്ടുണ്ട്.ഇതിനു തയ്യാറായി മുന്നോട്ടു വരുന്ന റേഷൻ കടകളെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |