പുഞ്ചിരിയോടെ മരണത്തെ പുൽകിയ ധീരൻ
ന്യൂഡൽഹി: ഭീകരരെ നേരിടുന്ന അതേ ചങ്കുറപ്പോടെ കാൻസറിനെയും നേരിട്ട കേണൽ നവ്ജോത് സിംഗ് ബാൽ (39)ഒടുവിൽ മരണത്തിന് കീഴടങ്ങി. രണ്ടു വർഷത്തിലേറെയായി രോഗത്തോട് മല്ലിടുകയായിരുന്നു രാജ്യം കണ്ട എക്കാലത്തെയും ധീരനായ ഓഫീസർ.
ബംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പകർത്തിയ നിറ പുഞ്ചിരിയോടെയുള്ള സെൽഫി വേദനിക്കുന്ന ഓർമ്മയായി. ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ കരുത്തുറ്റ സംഘമായ പാരാ സ്‌പെഷ്യൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്ന നവ്ജോത് 2002ലാണ് സേനയുടെ ഭാഗമായത്. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. 2018ൽ വലതു കെെയ്യിലുണ്ടായ നീര് കാൻസറിന്റെ ആദ്യ സൂചന നൽകി. പിന്നാലെ നടത്തിയ വിശദ പരിശോധനകളിൽ അപൂർവ്വയിനം കാൻസറാണ് തന്നെ പിടികൂടിയതെന്ന് നവ്ജോത് തിരിച്ചറിഞ്ഞു. എങ്കിലും പതറിയില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി സഹസേനാംഗങ്ങളെ ഞെട്ടിച്ചതും കീഴടങ്ങാൻ ഒരുക്കമല്ലാത്ത സെെനികന്റെ ചങ്കുറപ്പായിരുന്നു.
രോഗം മൂർഛിച്ച് വലതു കൈ മുറിക്കേണ്ടി വന്നെങ്കിലും രാജ്യസേവനത്തിൽ നിന്ന് പിൻമാറാതെ പാരാ സ്‌പെഷ്യൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിംഗ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ അപ്പാടെ വിഴുങ്ങിയതോടെ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറാപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫമായി... ചിരിക്കുന്ന മുഖം ബാക്കിയാക്കി ധീരൻ വിട പറഞ്ഞു.പഞ്ചാബ് സ്വദേശിയായ നവ്‌ജോത് ലഫ്.കേണൽ(റിട്ട)കർണെയ്ൽ സിംഗ് ബാൽ-രമീന്ദർ ദമ്പതികളുടെ മകനാണ്.ഭാര്യ: ആരതി, രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |