കൊച്ചി: ആഗോളതലത്തിൽ സ്വർണവില കാഴ്ചവയ്ക്കുന്നത് ആഭരണപ്രിയരെ നിരാശപ്പെടുത്തുന്ന കുതിപ്പ്. കേരളത്തിൽ പവൻ വില ആദ്യമായി ഇന്നലെ 33,000 രൂപ ഭേദിച്ചു. ഗ്രാമിന് വില 4,150 രൂപയിലുമെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്‌ചയായ 76ലേക്ക് ഇടിഞ്ഞതു മൂലം ഇറക്കുമതിച്ചെലവ് ഏറിയതും രാജ്യാന്തര വിലക്കുതിപ്പുമാണ് നിലവിലെ വില വർദ്ധനയ്ക്ക് കാരണം.
കൊവിഡ്-19 ആഗോള സമ്പദ്‌വളർച്ചയെ തകർത്തെറിയുമെന്ന ഭീതിമൂലം ഓഹരി, കടപ്പത്രം, ക്രൂഡോയിൽ തുടങ്ങിയവ നേരിടുന്ന തളർച്ചയും സ്വർണത്തിന് വളമാകുകയാണ്. മികച്ച ലാഭപ്രതീക്ഷയോടെ, നിക്ഷേപകർ സ്വർണത്തിലേക്ക് വൻതോതിൽ പണമൊഴുക്കുന്നുണ്ട്. ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കാണ് (ഗോൾഡ് ഇ.ടി.എഫ്) പ്രിയം.
നിലവിൽ ഔൺസിന് 1,689 ഡോളറാണ് രാജ്യാന്തര വില. ഇത്, ഈവർഷം ഡിസംബറോടെ 2,000 ഡോളർ കടന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. 2011 സെപ്‌തംബർ ആറിന് കുറിച്ച 1,923.70 ഡോളറാണ് ഏക്കാലത്തെയും ഉയർന്ന രാജ്യാന്തര വില.
റെക്കാഡ് കുതിപ്പ്
$1,923.70
രാജ്യാന്തര സ്വർണവില 2011 സെപ്‌തംബർ ആറിന് കുറിച്ച 1,923.70 ഡോളറാണ് നിലവിലെ റെക്കാഡ്.
₹21,280
കേരളത്തിൽ പവൻ വില 2011 സെപ്‌തംബർ ആറിന് 21,280 രൂപയായിരുന്നു; ഗ്രാമിന് 2,660 രൂപയും. അന്ന് ഡോളറിനെതിരെ രൂപയുടെ നിരക്ക് ശരാശരി 52 രൂപ.
$2,000
സ്വർണവില നിലവിലെ ട്രെൻഡ് തുടർന്നാൽ, രാജ്യാന്തര വിപണിയിൽ ഈ വർഷം ഡിസംബറിൽ 2,000 ഡോളർ കടക്കും.
₹76.29
ഇപ്പോൾ ഡോളറിനെതിരെ രൂപയുടെ നിരക്ക് 76.29 എന്ന നിലയിലാണ്. ഇതും നിലവിലെ രാജ്യാന്തര വിലയും പരിഗണിച്ചാൽ, കേരളത്തിൽ പവൻ വില വൈകാതെ 34,000 രൂപ കടന്നേക്കും. ട്രെൻഡ് മാറിയില്ലെങ്കിൽ ഡിസംബറോടെ വില 36,000 രൂപയിലുമെത്താം.
ഇ.ടി.എഫിനോട് പ്രിയം
സ്വർണാഭരണങ്ങൾക്കല്ല, സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കാണ് (ഗോൾഡ് ഇ.ടി.എഫ്) രാജ്യാന്തര തലത്തിൽ നിക്ഷേപം ഒഴുകുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച്, മാർച്ചിൽ ഗോൾഡ് ഇ.ടി.എഫിലെ ആകെ നിക്ഷേപം റെക്കാഡ് ഉയരമായ 3,185 ടണ്ണിലെത്തി. മാർച്ചിൽ മാത്രം വർദ്ധന 151 ടണ്ണാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |