തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് 19 മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ കെ.എം. ഷാജി എം.എൽ.എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കൊവിഡ് 19 നേരിടുന്നതിൽ കേരളം ഒറ്റ മനസോടെ മുന്നോട്ട് പോവുകയാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശാസ്ത്രസാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുമ്പോൾ ജനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ പൂർണമായും സർക്കാർ സ്ഥാപനമായ സി - ഡിറ്റിന്റെ കൈവശമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവും യു.ഡി.എഫ് നേതാക്കളും വിവാദം ഉയർത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുന്ന പണം കേസുകളുടെയും മറ്റും നടത്തിപ്പിന് നൽകുകയാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ പല വഴിവിട്ട ഇടപാടുകളും ഓർമ്മയിൽ ഉള്ളവർക്ക് എല്ലാവരും അങ്ങനെയാണെന്ന തോന്നലുണ്ടാവും. കേരളത്തിലെ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിലൂടെ വ്യക്തമാകുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ.എം. ഷാജിയെ പോലുള്ളവർ ശ്രമിക്കുന്നത്. കേരള ജനത ഇത്തരം ജൽപനങ്ങളെ പുച്ഛിച്ച് തള്ളുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |