കറ്റാനം: ഭരണിക്കാവിൽ മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റ യൂത്ത് കോൺഗ്രസ് നേതാവിന്റെ നില ഗുരുതരം. യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് വീട്ടിൽ സുഹൈൽ ഹസനാണ് (23) കഴിഞ്ഞ ദിവസം രാത്രി പത്തോടെ മങ്ങാരം ജംഗ്ഷന് സമീപം വച്ച് വെട്ടേറ്റത്. സുഹൃത്തായ മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞ് നിർത്തി വാൾ കൊണ്ട് ആക്രമിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഇക്ബാലിന് നേർക്കാണ് വാൾ വീശിയത്. ഇക്ബാൽ ഒഴിഞ്ഞു മാറിയതിനാൽ പിന്നിലിരുന്ന സുഹൈലിന്റെ കഴുത്തിന് വെട്ടേൽക്കുകയായിരുന്നു. ഇക്ബാൽ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സുഹൈലിനെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിന് പിന്നിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |