ഒഴുക്കിനെതിരെ നീന്തുക പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ അങ്ങനെ നീന്തി ലക്ഷ്യത്തിലെത്താൻ കഴിയുമ്പോഴാണ് വ്യക്തികളുടെ മാത്രമല്ല സ്റ്റേറ്റിന്റെയും പ്രയാണം കൂടുതൽ സാർത്ഥകമാകുക. കൊവിഡ് മഹാമാരി ഏല്പിച്ച വൻ ആഘാതത്തിൽ നിന്ന് കരകയറാൻ ഇനിയും നാളുകൾ ഏറെ എടുക്കുമെങ്കിലും അതേക്കുറിച്ചു ചിന്തിച്ച് നിഷ്‌ക്രിയമായി ഇരിക്കാതെ എങ്ങനെ അവസരങ്ങൾ തേടിപ്പിടിക്കാമെന്നാകണം ഭരണകർത്താക്കൾ ചിന്തിക്കേണ്ടത്. ഏതു പ്രതിസന്ധിയും മികച്ച അവസരങ്ങളാക്കി മാറ്റാൻ കഴിയും.
ഭാവനയും ഇച്ഛാശക്തിയും പ്രായോഗിക ബുദ്ധിയും ഉണ്ടായാൽ മതി. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ വല്ലാതെ മുറിവേല്പിച്ചുവെന്നത് ശരിയാണ്. അതേസമയം ഈ വെല്ലുവിളി ഏറ്റെടുത്ത് കഷ്ടതകളിൽ നിന്ന് കരകയറാനും സാധിക്കും. അതിനനുയോജ്യമായ നയപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയാൽ മതി. സംസ്ഥാനത്തെ മികച്ച വ്യവസായ കേന്ദ്രമാക്കി മാറ്റാനുതകുന്ന തീരുമാനങ്ങളെടുക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചു പറഞ്ഞ കാര്യങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള നടപടികളാണ് വേണ്ടത്. സംസ്ഥാനത്ത് പുതിയ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കാൻ ബന്ധപ്പെട്ട നിയമങ്ങളിൽ അയവുവരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതിയ വ്യവസായങ്ങൾ തുടങ്ങാനുള്ള അപേക്ഷകളിൽ ഒരാഴ്ചയ്ക്കകം അനുമതി നൽകും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യവസായം ആരംഭിച്ച് ഒരുവർഷത്തിനകം പൂർത്തിയാക്കിയാൽ മതിയാകും.
ലൈസൻസിനും അനുമതിക്കുമായി അനിശ്ചിതമായി കാത്തിരിക്കേണ്ട ദുർഗതി ഇനി ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അപേക്ഷിച്ചാലുടൻ സോപാധിക അനുമതി എന്ന പുതിയ പരിഷ്കാരം. വിവിധ ഓഫീസുകൾ കയറിയിറങ്ങി സംരംഭകൻ വശം കെടുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിക്ക് എത്രമാത്രം മുതൽക്കൂട്ടാവുമെന്നു പ്രത്യേകം പറയേണ്ടതില്ല. കേരളത്തിൽ നിന്ന് നിക്ഷേപകരെ അകറ്റിനിറുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സർക്കാർ സംവിധാനങ്ങളിലെ അസഹനീയമായ കാലതാമസവും നടപടിക്രമങ്ങളുടെ നൂലാമാലകളുമാണ്. ഏകജാലക സംവിധാനം വന്നശേഷവും ഇതിനൊന്നും വലിയ മാറ്റമുണ്ടായില്ലെന്നതിന് വേദനാജനകമായ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്.
കേരളം കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചതിൽ പ്രകടമാക്കിയ വിരുതും സാമർത്ഥ്യവും ലോക തലത്തിൽത്തന്നെ പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. ഈ നേട്ടം സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾക്കുള്ള ക്ഷണം കൂടിയാണ്. കേരളം എല്ലാ അർത്ഥത്തിലും വ്യവസായ നിക്ഷേപങ്ങൾക്കുള്ള സുരക്ഷിതമായ ഇടമാണെന്ന തോന്നൽ പരക്കെ ഉണ്ടായിട്ടുണ്ട്. ഈ അവസരം മുതലാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിനും ജനങ്ങൾക്കും അതു വലിയ നേട്ടമായി മാറും. ഇതു മുന്നിൽ കണ്ടാണ് പുതിയ വ്യവസായികളെ ആകർഷിക്കാൻ ലൈസൻസും അനുമതിയും അപേക്ഷിക്കുന്ന ഘട്ടത്തിൽത്തന്നെ നൽകാനുള്ള തീരുമാനം. ഇതോടൊപ്പം തന്നെ വർഷങ്ങളായി തളർന്നുകിടക്കുന്ന നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെക്കൂടി പിടിച്ചുയർത്താൻ സാധിച്ചാൽ അതും മികച്ച ഫലം തരും.
വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെ അവയിലധികവും ഇപ്പോൾ നാശത്തിന്റെ പടുകുഴിയിലാണ്. കേരത്തിന്റെ നാടായിട്ടും ആവശ്യത്തിന് ചകിരി വേണമെങ്കിൽ അന്യനാടുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. അതേസമയം സംസ്കരിക്കാനാകാത്തതുകൊണ്ട് കോടിക്കണക്കിനു തൊണ്ട് ഉപയോഗശൂന്യമായി വിവിധയിടങ്ങളിൽ പാഴായിപ്പോകുന്നു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും റെയിൽപ്പാതകളും സാമാന്യം നല്ല റോഡ് ശൃംഖലകളും സുലഭമായി വെള്ളവുമുള്ള സംസ്ഥാനത്തിന് വ്യവസായ വളർച്ചയ്ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഇല്ലാത്തത് വ്യവസായശാലകളാണ്. കേരളത്തിലേക്കു വരാൻ വ്യവസായ സംരംഭകരെ ആശങ്കപ്പെടുത്തിയിരുന്ന പല ഘടകങ്ങളും ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. അതിനു തെളിവാണ് ലോകത്തെ പ്രമുഖ നിക്ഷേപകർക്കിടയിൽ അടുത്തകാലത്ത് കേരളത്തെക്കുറിച്ചുണ്ടായിട്ടുള്ള താത്പര്യം. ഇവിടെ വ്യവസായങ്ങൾ തുടങ്ങാനുള്ള ആഗ്രഹവുമായി നിരവധി അന്വേഷണങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ല. നല്ല ലക്ഷണമായി കരുതിയാൽ മതി. ലോകത്താകമാനം പടർന്നുകിടക്കുന്നതാണ് കേരളത്തിന്റെ മാനവശേഷി. കൊവിഡിനെത്തുടർന്ന് അവരിൽ ഒരു വിഭാഗം മാതൃനാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ്. എല്ലാ മേഖലകളിലും വൈദഗ്ദ്ധ്യം പുലർത്തുന്നവർ ഇക്കൂട്ടത്തിലുണ്ട്.
അവരുടെ കഴിവും സേവനവും പൂർണമായും പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം. അതിനിണങ്ങിയ പുതിയ വ്യവസായ സംരംഭങ്ങൾ ഉയർന്നുവരണം. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കാനുള്ള കർമ്മപദ്ധതികൾക്കായി പുതിയ ഉപദേശക സമിതിയെ സർക്കാർ നിയോഗിക്കുന്നുണ്ട്. എല്ലാ മേഖലകളിലുമുള്ള വിദഗ്ദ്ധർ ഈ സമിതിയിലുണ്ടാകണം. കയറ്റുമതി സാദ്ധ്യതയുള്ള ഒട്ടനേകം ഉത്‌പന്നങ്ങൾ ഇവിടെ ഉണ്ട്. നാണ്യവിളകൾ, പഴം, പച്ചക്കറി, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾ എന്നിവയ്ക്കൊക്കെ വമ്പിച്ച കയറ്റുമതി സാദ്ധ്യതകളാണുള്ളത്.
ഈ കൊവിഡ് കാലത്തും ഗൾഫ് രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് രൂപയുടെ പച്ചക്കറി കയറ്റി അയയ്ക്കാൻ നമുക്കു കഴിഞ്ഞു. തരിശായി കിടക്കുന്ന ഒരു ലക്ഷത്തിലധികം ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കാനുള്ള സർക്കാർ തീരുമാനം വിജയിച്ചാൽ വലിയ കയറ്റുമതി സാദ്ധ്യതയാണു തുറന്നിടുക. അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖവും പൂർണമായി പ്രയോജനപ്പെടുത്താനുള്ള അവസരവും ഇതോടൊപ്പം വന്നുചേരും.
ഏതാണ്ടു ചലനമറ്റുകിടക്കുന്ന ആലപ്പുഴ - എറണാകുളം റെയിൽപ്പാത ഇരട്ടിപ്പിക്കലിന് പണം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനവും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെ സഹായിക്കുന്നതാണ്. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന ദുശ്ശാഠ്യം കാരണം പാതയിരട്ടിപ്പിക്കൽ വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. ചെലവ് പൂർണമായും റെയിൽവേ വഹിക്കാമെന്നു സമ്മതിച്ചതോടെ ഇനി പണി വേഗത്തിലാകും. 2021 ഡിസംബറിൽ ഇരട്ടപ്പാതയുടെ പണി തീർക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതു സാദ്ധ്യമായാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ വികസനം പൂർത്തിയാകും. വ്യവസായ വളർച്ചയ്ക്കും അത് ഉപകരിക്കും. മുടന്തി നീങ്ങുന്ന വിഴിഞ്ഞം തുറമുഖം കൂടി പ്രവർത്തനക്ഷമമായാൽ അപാര സാദ്ധ്യതകളാണ് സംസ്ഥാനത്തിനു മുമ്പിലുള്ളത്. ഇതൊക്കെ പ്രയോജനപ്പെടുത്താനാവശ്യമായ വ്യവസായ പുരോഗതിയാണ് ഇനി വേണ്ടത്. സംസ്ഥാനത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനുള്ള സർക്കാരിന്റെ ഏതു ശ്രമവും ശ്ളാഘനീയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |