ന്യൂഡൽഹി:വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ ഇന്നുമുതൽ തിരിച്ചെത്തിക്കാനിരിക്കെ, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു.അവസാനത്തെ പതിനായിരം കേസുകൾ വെറും മൂന്നുദിവസം കൊണ്ടാണ് റിപ്പോർട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ വിവരങ്ങൾ ക്രോഡീകരിച്ച് www.covid19india.org പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികൾ 52,247 ആണ്. മരണം 1766.
അതേസമയം,കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രോഗികളുടെ എണ്ണം 49,391 ആണ്. മരണം 1694.
കേരളത്തിൽ ആദ്യത്തെ കൊവിഡ് രോഗ ബാധയുണ്ടായി നാലു മാസം പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗികളുടെ എണ്ണം 50,000 കടന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ പുതുതായി 1233 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 16758. ഇന്നലെ പുതിയ 380 രോഗികളുണ്ടായ ഗുജറാത്തിൽ 6625 കൊവിഡ് കേസുകളുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ 771 പുതിയ കേസുകൾ.
24 മണിക്കൂറിനിടെ 2958 പുതിയ കേസുകളും 126 മരണവും റിപ്പോർട്ട് ചെയ്തു.രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 28.72 ശതമാനം. 14,183 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 1457 പേർക്ക് രോഗം ഭേദമായി.
ഡൽഹി ജമാമസ്ജിദ് പ്രദേശത്ത് ഡ്യൂട്ടി ചെയ്ത 30 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കഴിഞ്ഞ ദിവസമാണ് വിമാനത്തിൽ ജോധ്പൂരിലെ ബി.എസ്.എഫ് കേന്ദ്രത്തിലെത്തിച്ചത്.
രാജ്യത്ത് ആകെ 154 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ത്രിപുരയിൽ 13 ബി.എസ്.എഫ് ജവാൻമാർക്ക് ചൊവ്വാഴ്ച രോഗബാധ കണ്ടെത്തിയിരുന്നു. പശ്ചിമബംഗാളിൽ അഞ്ച് ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ ഡൽഹിയിലെ ബി.എസ്.എഫ് ആസ്ഥാനം കഴിഞ്ഞദിവസം അണുവിമുക്തമാക്കാനായി അടച്ചിരുന്നു.
-രാജസ്ഥാനിൽ 82 പുതിയ കൊവിഡ് ബാധിതർ. മൂന്ന് മരണം. ആകെ 3240.
-രാജ്യത്ത് 548 ഡോക്ടർമാർ,നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് കൊവിഡ് ബാധിച്ചു.
- ഡൽഹിയിലെ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്ന 4000ത്തോളം തബ് ലീഗ് പ്രവർത്തകരെവീടുകളിലേക്ക് വിടുമെന്ന് ഡൽഹി ആരോഗ്യമന്ത്രാലയം. പൊലീസ് കേസുള്ളവർക്കെതിരെ നിയമനടപടി തുടരും.
-ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ കഴിഞ്ഞദിവസം മരിച്ച പൊലീസ് കോൺസ്റ്റബിളിന് കൊവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു
-ഹരിയാനയിൽ ഏഴ് പുതിയ കൊവിഡ് ബാധിതർ
-ആന്ധ്രയിൽ രണ്ട് മരണവും പുതിയ 60 കേസുകളും.
-കർണാടകയിൽ 20 പുതിയ കേസുകൾ.
-യു.പിയിൽ 89 പുതിയ കേസുകൾ. ആകെ 2969 രോഗികൾ.
-പശ്ചിമബംഗാളിൽ 24 മണിക്കൂറിനിടെ 112 പുതിയ കൊവിഡ് ബാധിതരും നാലു മരണവും. ഒരു ദിവസത്തെ ഉയർന്ന നിരക്ക്.യു.പിയിൽ പെട്രോൾ,ഡീസൽ വില കൂട്ടി.
-ഡൽഹിയിൽ വേനലവധി സാധാരണ പോലെ മേയ് 11 മുതൽ ജൂൺ 30 വരെ
-ചെന്നൈ ഓഫീസേഴ്‌സ് ട്രെയ്‌നിംഗ് അക്കാഡമിയിലെ അടുക്കള ജീവനക്കാരന് കൊവിഡ്.
-മഹാരാഷ്ട്രയിൽ 90 കാരിക്ക് രോഗമുക്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |