തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര,സംസ്ഥാനസർക്കാരുകൾക്കിടയിൽ ഏകോപനമില്ലാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ താൽപര്യം മുൻനിറുത്തി കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടുതരത്തിലാണ് സംസാരിക്കുന്നത്.
കേന്ദ്രമന്ത്രി പറയുന്ന കാര്യങ്ങളുടെ വിപരീതമാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് അവിടെ വച്ചു തന്നെ കൊവിഡ് ടെസ്റ്റ് നടത്തിയാണ് അയ്ക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.എന്നാൽ പ്രവാസികൾക്ക് അവിടെ കൊവിഡ് ടെസ്റ്റ് നടത്തില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പ്രവാസികളെ കണ്ണൂർ വിമാനത്താവളത്തിൽ കൊണ്ടുവരില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോൾ 8,000 പ്രവാസികളെ കൊണ്ടു വരുമെന്ന് വി.മുരളീധരൻ പറയുന്നു.മുൻഗണന പട്ടികയിൽ നിന്ന് നിരവധി പ്രവാസികളെ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. ഇത്തരം ഘട്ടങ്ങളിൽ കേന്ദ്രവും കേരളവും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |