തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യ പി ജോണിന്റെ (21) മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ ശരീരത്തിലുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.കോട്ടയം മെഡിക്കൽ കാേളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
പഠനക്ളാസിൽ മദർ സുപ്പീരിയർ ജോർജ്ജിയ, ദിവ്യയെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം. ക്‌ളാസ് കഴിഞ്ഞിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള കിണറ്റിലേക്ക് ചാടിയതാണെന്ന് കന്യാസ്ത്രീകൾ മൊഴിനൽകിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. ദിവ്യയുടെ ശരീരത്തിന്റെ വ്യാസവും കിണറിന്റെ ഇരുമ്പ് മേൽമൂടിയുടെ വലിപ്പവും രേഖപ്പെടുത്തി. വിരലടയാള വിദഗ്ദ്ധരുടെ റിപ്പോർട്ട് കൂടി ലഭിച്ചാലേ വ്യക്തത വരുത്താനാകുവെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകളായ ദിവ്യയെ വ്യാഴാഴ്ച ഉച്ചയോടെയാണ് മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്താംക്ളാസ് കഴിഞ്ഞ് അഞ്ചു വർഷം മുമ്പാണ് മഠത്തിൽ ചേർന്നത്. ഹൈദരാബാദിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ പിതാവ് ജോൺ ഫീലിപ്പോസ് ഇന്നലെ നാട്ടിലെത്തി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ചുങ്കപ്പാറ സെന്റ് ജോർജ്ജ് കത്തോലിക്കാ പള്ളിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |