ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോയിലേക്ക് പുതിയ വരിക്കാരുടെ കുതിച്ചൊഴുക്ക്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) കണക്കുപ്രകാരം ഈ വർഷം ജനുവരിയിൽ മാത്രം 65.60 ലക്ഷം പേരെയാണ് പുതുതായി ജിയോ നേടിയത്. മൊത്തം ഉപഭോക്താക്കളുടെ എണ്ണം ജനുവരിയിലെ കണക്കനുസരിച്ച് 37.65 കോടിയിലുമെത്തി.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയ്ക്കുള്ളത് 32.9 കോടി വരിക്കാർ. ജനുവരിയിൽ 32.60 ലക്ഷം വരിക്കാർ കൊഴിഞ്ഞു. മൂന്നാമതുള്ള ഭാരതി എയർടെൽ 8.54 ലക്ഷം പേരെ പുതുതായി നേടി. എയർടെല്ലിന്റെ ആകെ വരിക്കാർ 32.81 കോടി. വൊഡാഫോൺ-ഐഡിയയും എയർടെല്ലും തമ്മിലെ വരിക്കാരുടെ അകലം ഇപ്പോൾ പത്തുലക്ഷത്തിൽ താഴെ മാത്രം. വൊഡാഫോൺ-ഐഡിയയ്ക്ക് അഞ്ചുലക്ഷത്തോളം ബ്രോഡ്ബാൻഡ് വരിക്കാരെയും നഷ്‌ടപ്പെട്ടുവെന്ന് ട്രായിയുടെ റിപ്പോർട്ട് വ്യക്തമാക്കി. 11.97 കോടി ബ്രോഡ്ബാൻഡ് വരിക്കാർ കമ്പനിക്കുണ്ട്.
പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എല്ലിലേക്ക് ജനുവരിയിൽ പുതുതായി എത്തിയത് 12.2 ലക്ഷം പേരാണ്. മൊത്തം വരിക്കാരുടെ എണ്ണം ഇതോടെ 11.92 കോടിയായി. ഇന്ത്യയിൽ ആകെ മൊബൈൽ വരിക്കാർ 116 കോടിയാണ്. ഇതിൽ, 98.64 കോടിപ്പേരും സജീവ വരിക്കാരാണെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |