കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്ആഘാതമേറ്റ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതായിരിക്കും കേന്ദ്രം പ്രഖ്യാപിക്കുന്ന 20 ലക്ഷം കോടി രൂപയുടെ രക്ഷാപാക്കേജെന്ന് പ്രതീക്ഷിക്കുന്നതായി മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. കേന്ദ്രത്തിന്റെ ഉത്തേജക പദ്ധതികൾ സ്വാഗതാർഹമാണ് എന്നുതന്നെ പറയാം. പ്രതിസന്ധി നേരിടുന്നവരുടെ കൈയിൽ പണമെത്താനുള്ള നടപടികളാണ് വേണ്ടത്. പണമൊഴുക്ക് ശക്തമാകണം. അങ്ങനെയെങ്കിൽ, അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നേട്ടമാകും.
ഇന്ത്യയിൽ ഏകദേശം 30,000 ടണ്ണോളം സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഒരുഭാഗം പണമാക്കി മാറ്രാനുള്ള 'ഗോൾഡ് മോണെട്ടൈസേഷൻ" രാജ്യത്തിന് സാമ്പത്തികമായി വലിയ ഗുണം ചെയ്യും. വായ്‌പകളുടെ പലിശനിരക്ക് ഇനിയും കുറയണം. ഇ.പി.എഫിൽ ഇപ്പോൾ രണ്ടു ശതമാനം ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതു പോരാ. കൂടുതൽ ഇളവ് വേണം.
ഇ.എസ്.ഐയിൽ വലിയ നിക്ഷേപം സർക്കാരിന്റെ കൈവശമുണ്ട്. വരുമാനം നിലച്ചതിനാൽ മിക്ക മേഖലകളും ശമ്പളം കുറയ്ക്കാൻ നിർബന്ധിതരാകുന്നു. ഈ സാഹചര്യത്തിൽ, വിട്ടുവീഴ്‌ചയെന്നോണം ഇ.എസ്.ഐ കുറച്ചുകാലത്തേക്ക് ഒഴിവാക്കി കൊടുക്കണം. ഒരുവർഷത്തേക്ക് എങ്കിലും ഇ.എസ്.ഐ വേണ്ടെന്ന് വയ്ക്കണം.
ഏറ്രവുമധികം ബുദ്ധിമുട്ടുന്ന ഒരു വിഭാഗമാണ് ഹൗസിംഗ് മേഖല. ഹൗസിംഗ് പദ്ധതികൾ വാങ്ങുന്നവർക്ക് പലിശയിളവ് നൽകുന്നത് മേഖലയ്ക്ക് ഗുണം ചെയ്യും. ഇത്തരം മേഖലകളെ പിന്തുണയ്ക്കുന്നത് എല്ലാവരിലും പണമെത്താനും സഹായിക്കും. ഒരു തിരിച്ചുവരവും സാദ്ധ്യമാകും. കുടിയേറ്റ തൊഴിലാളികൾക്ക് കുറഞ്ഞ വാടകയുള്ള വീടുകൾ ലഭ്യമാക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. 'ചേരി" എന്ന ആശയം ഇല്ലാതാക്കുകയാണ് വേണ്ടത്. പകരം, ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കുന്ന, ഏവർക്കും പ്രാപ്യമായ അപ്പാർട്ട്‌മെന്റുകൾ ഒരുക്കണം. താഴേക്കിടയിലുള്ളവർക്കാണ് ഏറ്രവും പിന്തുണ ആവശ്യം. ഇന്ത്യയെ വലിയൊരു കയറ്റുമതി ശക്തിയാക്കണം. മേക്ക് ഇൻ ഇന്ത്യയ്ക്ക് കരുത്തേകണം. വൈദഗ്ദ്ധ്യമുള്ള, മികച്ച മാനവവിഭവശേഷി ഇന്ത്യയ്ക്കുണ്ട്. കയറ്റുമതിയിൽ ചൈനയ്ക്ക് ഇന്നുള്ള സ്ഥാനം ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ കഴിയണം. എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച്, കൂട്ടായ പരിശ്രമമാണ് ഇതിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |