കണ്ണൂർ: ജില്ലയിൽ ഇന്നലെ രണ്ടുപേർക്കു കൂടികോവിഡ് ബാധ സ്ഥിരീകരിച്ചു. മേയ് 12ന് ദുബായിൽ നിന്ന് ഐഎക്സ് 814 വിമാനത്തിൽ കണ്ണൂർ എയർപോർട്ട് വഴിയെത്തിയ കടമ്പൂർ സ്വദേശി 20കാരനും മേയ് ആറിന് ചെന്നൈയിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി 24കാരനുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 12ന് സ്രവ പരിശോധനയ്ക്ക് വിധേയരായ ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 121 ആയി. അതിനിടെ,കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രത്തിലുണ്ടായിരുന്ന പാട്യം സ്വദേശിയായ 37കാരനാണ് രോഗമുക്തിനേടിയത്. ഇതോടെ ജില്ലയിൽരോഗംഭേദമായി ആശുപത്രി വിട്ടവർ 117 ആയി. ഇതുവരെയായി ജില്ലയിൽ നിന്നും 4580 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 4519 എണ്ണത്തിന്റെ ഫലം ലഭ്യമായി. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ ഇനി മൂന്ന് ഹോട്ട് സ്‌പോട്ടുകൾ മാത്രം
ജില്ലയിലെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 10ൽ നിന്ന് മൂന്നായി കുറഞ്ഞു. നേരത്തേയുണ്ടായിരുന്ന കതിരൂർ, പാട്യം പഞ്ചായത്തുകളും പുതുതായി പട്ടികയിലുൾപ്പെട്ട കേളകം പഞ്ചായത്തുമാണ് നിലവിൽ ഹോട്ട്സ്‌പോട്ടുകൾ. കൂത്തുപറമ്പ്, പാനൂർ മുനിസിപ്പാലിറ്റികളും ഏഴോം,കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാപ്പിനിശ്ശേരി, പെരളശ്ശേരി പഞ്ചായത്തുകളും പട്ടികയിൽ നിന്നൊഴിവായി. ആഴ്ചയിലൊരിക്കലാണ് ഹോട്ട്സ്‌പോട്ട് പട്ടിക പുതുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |