തിരുവനന്തപുരം: ലോക്ക് ഡൗൺ മുതലെടുത്ത് വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപ്പന നടത്തിവന്ന സീരിയൽ- നാടക നടിയേയും നാലാമത്തെ ഭർത്താവും കൊലക്കേസ് പ്രതിയുമായ യുവാവിനെയും ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. സീരിയലുകളിലെ ജൂനിയർ ആർട്ടിസ്റ്റും നാടകനടിയുമായ ആര്യങ്കോട് കീഴാറ്റൂർ ചിലമ്പറ കുഴിവിള എസ്.എസ് ഭവനിൽ മഞ്ജുവെന്ന സിനി(42), ഇവരുടെ നാലാം ഭർത്താവായ വെള്ളറട ആനപ്പാറ കെ.ജി.എസ് ഭവനിൽ വിശാഖ് (28) എന്നിവരെയാണ് ആര്യങ്കോട് സി.ഐ എസ്.എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സീരിയൽ നടിയുടെ കരുക്കോട് കുഴിയിലെ വീട് കേന്ദ്രീകരിച്ചായിരുന്നു വാറ്റും വിൽപ്പനയും. ഒറ്റശേഖരമംഗലത്ത് രണ്ട് വർഷം മുമ്പ് അരുണെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വിശാഖ്. വാറ്റാനായി സൂക്ഷിച്ചിരുന്ന 75 ലിറ്റർ കോടയും പതിനായിരം രൂപ വിലവരുന്ന വാറ്റുപകരണങ്ങളും മഞ്ജുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.
ലോക്ക് ഡൗണോടെ സീരിയൽ - നാടക പ്രവർത്തനങ്ങളൊന്നുമില്ലാതെ വീട്ടിൽ കുടുങ്ങിയ ഇവർ പണം സമ്പാദിക്കാനായാണ് മദ്യശാലകൾ അടഞ്ഞുകിടന്ന തക്കം നോക്കി വാറ്റ് തുടങ്ങിയത്.ചാരായം വാങ്ങാനായി ധാരാളം പേർ ഇവിടെ വന്നുപോകുന്നതായി തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |