മാനന്തവാടി: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ഇഞ്ചി പാടങ്ങളിലും വാഴത്തോട്ടങ്ങളിലും ജോലിക്ക് പോയി കുടുങ്ങിക്കിടക്കുന്ന ആദിവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആദിവാസി തൊഴിലാളികളാണ് ഒരു മാസമായി കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്നത്
മൈസൂരിനടുത്ത് മാണ്ഡ്യയിൽ ഇഞ്ചി പാടത്ത് കഴിഞ്ഞ മാർച്ചിൽ ജോലിക്കുപോയ തൊഴിലാളികൾ നാട്ടിലെത്തുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമായതിനാൽ പലരുടേയും അപേക്ഷ നിരസിക്കപ്പെട്ടു.
മാനന്തവാടി, തിരുനെല്ലി സ്വദേശികളായ പണിയ വിഭാഗത്തിലെ 23 തൊഴിലാളികൾ കർണാടകത്തിലെ പാസ് ഉപയോഗിച്ച് എത്തിയെങ്കിലും അധികൃതർ ഇവരെ മടക്കിയയച്ചു. മതിയായ താമസ സൗകര്യം ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കർണാടകത്തിൽ ഇവർ ദുരിതമനുഭവിക്കുകയാണ്. ജോലി കഴിഞ്ഞ് ഒരു മാസമായിട്ടും ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല ഇല്ല. സ്ത്രീകളും സംഘത്തിലുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിന് ജില്ലാ ഭരണകൂടവും പട്ടികവർഗ്ഗ വികസന വകുപ്പും നടപടി സ്വീകരിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |