വാഷിംഗ്ടൺ: കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ക്രിസ്റ്റഫർ വാട്സ് എന്ന 33കാരൻ ഗർഭിണിയായ സ്വന്തം ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയത്. കോടതി കുറ്റക്കാരനായി വിധിച്ച കൊടും കൊലയാളിക്ക് പ്രണയലേഖനങ്ങൾ അയക്കുകയാണ് നിരവധി സ്ത്രീകൾ. അമേരിക്കയിലെ കൊളറോയിഡിലാണ് സംഭവം.
കാമുകിക്ക് വേണ്ടിയിട്ടാണ് വാട്സ് കൊലപാതകം ചെയ്തതെന്നാണ് അഭ്യൂഹം. വാട്സ് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൊല നടത്തിയ ശേഷം മൃതദേഹങ്ങൾ കാറിലാക്കി ദൂരെയുള്ള എണ്ണ കമ്പനിയുടെ വർക്ക് സൈറ്റിൽ ഉപേക്ഷിക്കുകയായിരുന്നു ഇയാൾ. അയൽവീട്ടിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു കൊലക്കേസിന് വഴിത്തിരിവായത്. വാട്സ് ആദ്യം കുറ്റാരോപണം നിഷേധിച്ചെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് അഞ്ച് ജീവപര്യന്തമാണ് കോടതി വാട്സിന് ശിക്ഷയായി വിധിച്ചത്. ജയിലിലെത്തി ആറ് മാസം പിന്നിട്ട ശേഷമായിരുന്നു വാട്സിനെ തേടി പ്രേമലേഖനങ്ങൾ എത്തിതുടങ്ങിയത്.
ഇത്തരത്തിൽ നിരവധി കത്തുകളാണ് വാട്സിനെ തേടി എത്തിയിരിക്കുന്നത്. ഗർഭിണിയായ ഭാര്യയെയും കുഞ്ഞുങ്ങളെയും നിഷ്കരുണം കൊലപ്പെടുത്തിയ ഒരാളെ പ്രേമിക്കാൻ ഇത്രയും സ്ത്രീകൾക്ക് എങ്ങനെ കഴിയുന്നു എന്നാണ് ജയിൽ അധികൃതർ ഉൾപ്പെടെ എല്ലാവർക്കും സംശയം.
''ജീവിതം വളരെ ചെറുതല്ലേ, നിങ്ങളെ കുറിച്ച് ഒരുപാട് ചിന്തിക്കുകയാണ്.'' കത്തിന് പുറമെ ബിക്കിനി ധരിച്ച് ബീച്ചിൽ നിൽക്കുന്ന ഫേട്ടോ ഉൾപ്പെടെയാണ് 29കാരി കത്തയച്ചത്.
''നിങ്ങളുടെ അഭിമുഖം ഞാൻ കണ്ടിരുന്നു, അപ്പോൾ മുതൽ നിങ്ങളെ എനിക്കിഷ്ടമാണ്. എന്ത്കൊണ്ടാണ് ഇഷ്ടം എന്ന് മാത്രം ചോദിക്കരുത്. കത്തിന് മറുപടി എഴുതിയാൽ ഞാനായിരിക്കും ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ.'' 39കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയുടെ കത്തിൽ പറയുന്നു.
''ഒരു ചെറിയ പട്ടണത്തിൽ ലളിതമായി ജീവിക്കുന്ന ആളാണ് ഞാൻ. ആദ്യമായാണ് ഇങ്ങനെയൊരു കത്തെഴുതുന്നത് അതുകൊണ്ട് ഭയവുമുണ്ട്.'' 36കാരിയുടെ കത്തിൽ പറയുന്നു.
പ്രത്യേക തരം മാനസികാവസ്ഥയ്ക്ക് ഉടമകളായ സ്ത്രീകളാണ് കത്തെഴുതുന്നത് എന്ന് സൈക്യാട്രിസ്റ്റായ കാതറിൻ പിയർ പറഞ്ഞു. അപകടകാരികളായ ആളുകളോട് അടുക്കാനാണ് ഇത്തരം വ്യക്തികൾക്ക് എന്ന് കാതറിൻ പറയുന്നു. ചിലർ ഏത് വിധേനയും പ്രശസ്തരാകാൻ ശ്രമിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് സ്ത്രീകൾക്ക് ആരാധന തോന്നാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് അവരുടെ മാനസിക സ്ഥിതിയെയാണ് സൂചിപ്പിക്കുന്നതെന്ന് കാതറിൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |