കണ്ണൂർ: പിണറായി കായലോട് പറമ്പായിൽ റസീന (40) ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയെത്തുടർന്ന് തന്നെയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ്. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, മയ്യിൽ സ്വദേശിയായ ആൺസുഹൃത്തിന്റെ ബ്ലാക്ക്മെയിലിംഗും സാമ്പത്തിക ചൂഷണവുമാണ് മകളെ ആത്മഹത്യയിലേക്കെത്തിച്ചതെന്ന് കുടുംബം. നടന്നത് വിചാരണയല്ല, മദ്ധ്യസ്ഥ ചർച്ചയെന്ന് എസ്.ഡി.പി.ഐ.
ഞായറാഴ്ച വൈകിട്ട് ഭർതൃമതിയായ റസീന ആൺസുഹൃത്തിനോട് സംസാരിച്ചു നിന്നതിനെ ചോദ്യം ചെയ്ത് ആൾക്കൂട്ട വിചാരണ നടന്നുവെന്നാണ് ആരോപണം. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് റസീന ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുമ്പോഴാണ് ആൺസുഹൃത്തിനെ കുറ്റപ്പെടുത്തി കുടുംബം രംഗത്തെത്തിയത്.
എന്നാൽ, ആൺസുഹൃത്തുമായി വളരെ സൗഹൃദത്തോടെ സംസാരിക്കുന്നതിനിടയിൽ കുറേപേർ വരികയും ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിച്ചുമെന്നുമാണ് റസീനയുടെ ആത്മഹത്യക്കുറിപ്പിലുള്ളതെന്ന് കമ്മിഷണർ പറയുന്നു. ജീവിക്കാൻ അനുവദിക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് മനസിലാക്കിയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചതിനാലാണ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ ആൺസുഹൃത്തിനെ പറമ്പായിലെ ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ആൺസുഹൃത്തിനെതിരെ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
അതേസമയം, റസീനയുടേയും ആൺസുഹൃത്തിന്റെയും കുടുംബങ്ങളാണ് മദ്ധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈ എടുത്തതെന്നും പാർട്ടി ഒാഫീസ് അതിനായി വേദി നൽകുക മാത്രമാണ് ഉണ്ടായതെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണടിപ്പറമ്പ് പറഞ്ഞു. റസീനയുടെ ആത്മഹത്യയിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി.
'ആൺസുഹൃത്ത്
സ്വർണം തട്ടിയെടുത്തു'
ആൺ സുഹൃത്തിനെതിരെ തലശ്ശേരി എ.എസ്.പിക്ക് റസീനയുടെ കുടുംബം പരാതി നൽകി. റസീനയുടെ സ്വർണം ഇയാൾ തട്ടിയെടുത്തുവെന്ന് മാതാവ് ഫാത്തിമ പറഞ്ഞു. മകൾക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. കുറച്ചു മാസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് യുവാവിനെ റസീന പരിചയപ്പെട്ടത്. അറസ്റ്റിലായ മൂന്നുപേരും നിരപരാധികളാണ്. തന്റെ സഹോദരിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. അഞ്ച് മണിക്കൂർ യുവാവിനെ പിടിച്ചുവച്ചുവെന്നത് സത്യമല്ല. യുവാവിന്റെ വീട്ടുകാർ എത്താനാണ് സമയമെടുത്തതെന്നും പറഞ്ഞു. സംഭവം നടന്ന ദിവസം റസീന വളരെ വിഷമത്തിലായിരുന്നുവെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |