കോന്നി : പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മലയോര മേഖലയെ ഭീതിയിലാക്കി ഒന്നിൽ കൂടുതൽ കടുവകൾ കാട് ഇറങ്ങിയിട്ടുണ്ടെന്ന് വനം വകുപ്പിന്റെ നിഗമനം. ഇണകളായിരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. 41 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കോന്നി വനമേഖലയിൽ രണ്ടു വർഷത്തിനിടെ രണ്ടാം തവണയാണ് കടുവയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് റാന്നിയിലും കടുവയെ കണ്ടു. കോന്നിയിലും റാന്നിയിലും കടുവകളെ കണ്ടെത്തിയതോടെ ഒന്നിൽ കൂടുതൽ എണ്ണം നാട്ടിൽ എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വനംവകുപ്പ് സ്ഥാപിച്ച ടൈഗർ ട്രാപ്പ് കാമറ ദൃശ്യങ്ങളുടെയും ഫോറൻസിക് പരിശോധനയുടെയും അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായാണ് വിവരം. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ പെരിയാൻ കടുവാ സങ്കേതകേന്ദ്രത്തിൽ നടന്നുവരികയാണ്. കഴിഞ്ഞ പത്ത് ദിവസമായി നാട്ടിൽ കടുവയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും പിടികൂടാനായിട്ടില്ല.
പുലിയെ ഭയന്നിരുന്നു, എത്തിയത് കടുവ
പുലിപ്പേടിയിൽ നിന്ന് കടുവ ഭയത്തിലേക്ക് മാറുകയാണ് ജില്ലയിലെ മലയോര മേഖലകൾ. കാടിറങ്ങുന്ന പുലികളുടെ ആക്രമണത്തിൽ ഗ്രാമവാസികൾക്ക് പരിക്കേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്നത് രണ്ടാം തവണയാണ്. രണ്ട് വർഷം മുമ്പ് വനവിഭങ്ങൾ ശേഖരിക്കാൻ പോയ വനസംരക്ഷണ സമിതി പ്രവർത്തകൻ കൊക്കാത്തോട് അപ്പൂപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവിയെയാണ് കടുവ കൊന്നു തിന്നത്. തുടർന്ന് രണ്ടുവർഷത്തോളം കടുവയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച തണ്ണിത്തോട്ടിൽ ടാപ്പിംഗ് തൊഴിലാളി ബിനീഷ് മാത്യുവിനെ കൊലപ്പെടുത്തി. തുടർന്ന് മണിയാറിലും പേഴുംപാറയിലും പല തവണ കടുവയെ കണ്ടെത്തി.
പുലി ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ മനുഷ്യരെ വേട്ടയാടിയ ശേഷം ഉൾവനത്തിലേക്ക് വലിയും. പിന്നീട് ദിവസങ്ങൾക്ക് ശേഷമായിരിക്കും വീണ്ടും എത്തുക. എന്നാൽ അക്രമകാരിയായ കടുവ കാടുകേറാറില്ല. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞ കടുവ മനുഷ്യനെ വീണ്ടും ഇരയാക്കും.
വനപാലകർ
പെരിയാർ കടുവാസങ്കേതം: 1125 ചതുരശ്ര മീറ്റർ വിസ്തീർണ്ണം
ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
കടുവകളുടെ എണ്ണം : 35
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |