കട്ടപ്പന: സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതിനെ തുടർന്ന് ഏലത്തോട്ടം നശിച്ചതായി പരാതി. കാഞ്ചിയാർ വെങ്ങാലൂർക്കട വട്ടപ്പറമ്പിൽ മേഴ്‌സിയുടെ ഏലംകൃഷിയാണ് പാറക്കല്ലുകൾ വീണ് നശിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഴ്‌സി കട്ടപ്പന പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 16ന് വൈകിട്ടാണ് മേഴ്‌സിയുടെ അയൽവാസി പുരയിടത്തിലുള്ള തോടിനുള്ളിൽ പാറപൊട്ടിച്ചത്. പ്രഹരശേഷി കൂടിയ സ്‌ഫോടനം നടത്തിയതാണ് പാറക്കഷണങ്ങൾ വീണ് ഏലംകൃഷി നശിക്കാൻ ഇടയാക്കിയതെന്നു മേഴ്‌സി ആരോപിച്ചു. ആകെയുള്ള അരയേക്കർ സ്ഥലത്തെ 20 സെന്റിലെ ഏലച്ചെടികളും നശിച്ചതായും പരാതിയിൽ പറയുന്നു. 35 അടിയോളം ഉയരത്തിൽ പൊങ്ങിത്തെറിച്ച പാറക്കല്ലുകൾ മരങ്ങളിലും മറ്റും തട്ടിയാണ് കൃഷിയിടത്തിൽ പതിച്ചത്. വീടിന്റെ ഷീറ്റിനു മുകളിലും പാറക്കഷണങ്ങൾ വീണു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടമ്മ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ മേഴ്‌സിയും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇവരുടെ പരാതിയിൽ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |