തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ വേളിയിൽ കായലിൽ താഴ്ന്ന കെ.ടി.ഡി.സിയുടെ ഫ്ളോട്ടിംഗ് റസ്റ്റോറന്റ് 'ഫ്ളോട്ടില' ഉയർത്തി. നിർമ്മാണം നടത്തിയ സ്വകാര്യ കമ്പനി തന്നെയാണ് ഒരു നില പൂർണമായും വെള്ളത്തിനടിയിലായ റസ്റ്റോറന്റ് ഉയർത്തിയത്. ആറു ദിവസം മുമ്പാണ് കനത്ത മഴയെ തുടർന്ന് റസ്റ്റോറന്റ് കായലിൽ താഴ്ന്നത്. ഇനി അറ്റകുറ്റപ്പണികൾ നടത്തുന്നത് സംബന്ധിച്ച് കെ.ടി.ഡി.സിയും കമ്പനിയും തമ്മിൽ ചർച്ച ചെയ്യും. എത്രയും വേഗം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു.റസ്റ്റോറന്റിലെ മലിനജലം പുറത്തേക്ക് കളയാനുള്ള സംവിധാനത്തിലൂടെ കായൽ വെള്ളം അകത്ത് കയറിയതിനാലാണ് മുങ്ങിയതെന്നും ജീവനക്കാരുടെ അശ്രദ്ധയാണിതിന് കാരണമെന്നുമാണ് നിർമാതാക്കളായ സ്വകാര്യകമ്പനിയുടെ വിശദീകരണം. 75 ലക്ഷത്തോളം രൂപ മുടക്കി നവീകരിച്ച റസ്റ്റോറന്റ് ആറ് മാസം തികയും മുമ്പ് വെള്ളം കയറി മുങ്ങിയത് നിർമാണത്തിൽ അപാകതയുണ്ടെന്ന ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |