മാള: പ്രളയ ഭീതിയിൽ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാനൊരുങ്ങുന്നു. കൊവിഡ് 19 ഭീതിക്കിടയിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പും അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈലിൽ പ്രചരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ തൊഴിലില്ലാതായെന്നും പ്രളയം കൂടി വന്നാൽ പിടിച്ചുനിൽക്കാനാവില്ലെന്നുമാണ് ഇവർ പറയുന്നത്. പ്രളയഭീതി പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് പോകാനുള്ള അനുമതി തേടി നിരവധി തൊഴിലാളികളാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
അനുമതി സ്റ്റേഷനിൽ നിന്ന് നൽകാനാവില്ലെന്ന് അറിയിച്ചതോടെ ജില്ലാ ഭരണകൂടങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇവർ ബന്ധപ്പെട്ടതായും സൂചനയുണ്ട്. സ്വന്തം നിലയിൽ വാഹനം ഒരുക്കി പോകാനാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി അനുമതി തേടിയത്. വാഹനം ഒരുക്കി തിരിച്ചുപോകാൻ പണം ഉണ്ടെന്നും അനുമതി വേണമെന്നുമായിരുന്നു ഈ അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം. പ്രളയം വരുന്നുവെന്ന മുന്നറിയിപ്പും മഴ തുടങ്ങിയതുമാണ് ഇവരെ ഭീതിയിലാക്കിയത്.
ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജോലിയില്ലാത്തത് ഇവരെ അലട്ടുന്നുണ്ട്. കൊവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മദ്യം ലഭിക്കാത്തതും ചില അന്യസംസ്ഥാന തൊഴിലാളികളെ വിഷമിപ്പിക്കുന്നുണ്ട്. ഇവരുടെ വാട്സ് ആപ് കൂട്ടായ്മയിൽ വരുന്ന സന്ദേശങ്ങൾക്കനുസരിച്ചാണ് ഇപ്പോഴത്തെ ആശങ്ക..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |