വർക്കല: കൊവിഡ് സ്ഥിരീകരിച്ച കൊല്ലത്തെ ആരോഗ്യപ്രവർത്തകയുടെ മകളെ പെണ്ണുകാണാനെത്തിയ യുവാവിനും സുഹൃത്തിനും കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണമെന്ന് പരാതി. മേയ് 15നാണ് ചെമ്മരുതി മുത്താന സ്വദേശികളായ ഒരു യുവാവും അയാളുടെ സുഹൃത്തും ആരോഗ്യപ്രവർത്തകയുടെ വീട്ടിലെത്തിയത്. ആരോഗ്യ പ്രവർത്തകയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ യുവാക്കളോടും കുടുംബാംഗങ്ങളോടും 28 ദിവസം ക്വാറന്റൈനിൽ പോകാനും ഇവർ പെണ്ണുകാണലിനു ശേഷം നാട്ടിൽ അടുത്തിടപഴകിയ 13 പേരോടും കുടുംബാംഗങ്ങളോടും 14 ദിവസം ക്വാറന്റൈനിൽ പോകാനും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇവർ ക്വാറന്റൈനിൽ പോകുകയും ചെയ്‌തു. ഇതിനിടെ ചിലർ മുത്താനയിൽ രണ്ട് യുവാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും യുവാക്കളുടെ വീടിനടുത്തുകൂടി ആരും സഞ്ചരിക്കരുതെന്നും വ്യാജപ്രചാരണം നടത്തിയതായി യുവാക്കൾ പറയുന്നു. എന്നാൽ ഇവർക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചതെന്നും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ. ഗോപകുമാർ പറഞ്ഞു. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ തെളിവു ലഭിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അൻവർ അബാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |