നമ്മുടെ പ്രതിരോധത്തിന് ആഗോള കീർത്തി
തൃശൂർ: കൊവിഡ് കാലത്തെ ആരോഗ്യപരിപാലനം നേടിത്തന്ന ആഗോളകീർത്തി കേരളത്തിന് ടൂറിസം, ആരോഗ്യ മേഖലകളിൽ വൻ കുതിപ്പേകും. രോഗത്തിനു ശേഷമുള്ള കേരളം ലോകത്തെ ഏറ്റവും സുരക്ഷിത കേന്ദ്രങ്ങളിൽ ഒന്നായി മാറും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്താൻ സർക്കാർ ഒരുക്കം തുടങ്ങി.
സാക്ഷരതയിൽ മുന്നിലുള്ള സംസ്ഥാനത്തിന്റെ രോഗപ്രതിരോധവും ഉന്നത നിലവാരമുള്ള ആരോഗ്യ സംവിധാനവും ലോക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായതാണ് നേട്ടം. ബി.ബി.സി, ബ്രിട്ടീഷ് ഹെറാൾഡ്, വാഷിംഗ്ടൺ പോസ്റ്റ്, ട്രിബ്യൂൺ മാഗസിൻ, ദി സ്‌ട്രെയിറ്റ് ടൈംസ് സിംഗപ്പൂർ തുടങ്ങി ഇരുപതോളം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് വാർത്തകൾ വന്നിരുന്നു.
കേരളത്തിന്റെ കരുതലിൽ കൊവിഡ് ഭേദമായ വിദേശികളുടെ അനുഭവസാക്ഷ്യങ്ങളാണ് ടൂറിസത്തിന് അനുകൂലമാകുന്ന മറ്റൊരു ഘടകം. ഇറ്റലിയിലെ റോബർട്ടോ, ബ്രിട്ടീഷുകാരനായ ബ്രയാൻ തുടങ്ങി നിരവധി പേരാണ് കൊവിഡ് ഭേദമായി കേരളത്തെ വാനോളം പുകഴ്ത്തി തിരിച്ചുപോയത്. കേരളത്തിൽ വൻ വിജയമായ ടൂറിസം മോഡലുകളുണ്ട്. ഉദാഹരണത്തിന് കാസർകോട്ടെ സ്‌മൈൽ (സ്മാൾ ആൻഡ് മീഡിയം ഇൻഡസ്ട്രീസ് ലെവറേജിംഗ് എക്‌സ്പീരിയൻഷ്യൽ ടൂറിസം) പദ്ധതി. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു.
സ്‌മൈലിൽ മയങ്ങി
ചെറുകിട, ഇടത്തരം സംരംഭങ്ങളെ വിന്യസിച്ച് സഞ്ചാരികൾക്ക് താമസസൗകര്യം നൽകി ടൂറിസത്തെ അനുഭവമാക്കുന്ന നവീന വികസന മോഡലാണിത്. പിന്നാക്കം നിന്ന കാസർകോട് ജില്ലയെ ടൂറിസം വളർച്ചയിൽ രണ്ട് വർഷമായി സംസ്ഥാനത്ത് ഒന്നാമതെത്തിച്ചു. 2017- 18ൽ ബേക്കൽ റിസോർട്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ ആണ് നടപ്പാക്കിയത്. ഗൃഹാന്തരീക്ഷവും നാടൻ ഭക്ഷണവും സംരംഭകർ തന്നെ സഞ്ചാരികൾക്കായി ഒരുക്കും. സ്‌മൈൽ പരിശീലനം ലഭിച്ച വളന്റിയർമാർ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ 'കഥ പറച്ചിലിലൂടെ' പരിചയപ്പെടുത്തും. തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ പഠനം, ആയുർവേദം, കളരി, യോഗ പാക്കേജുകൾ തുടങ്ങിയവയുമുണ്ട്. രണ്ട് വർഷത്തിനുള്ളിൽ കാസർകോട് ജില്ലയിലെ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഏഴ് മടങ്ങാണ് വർദ്ധിച്ചത്. 2017ൽ 1115, 2018ൽ 4122, 2019ൽ 7269.
ടൂറിസം വികസനത്തിൽ കാസർകോട് ജില്ല നൽകുന്ന പാഠമുണ്ട്. കോൺക്രീറ്റ് നിർമ്മാണ ടൂറിസത്തിൽ നിന്ന് ഭിന്നമായി, സംരംഭകത്വ വികസനത്തിലൂടെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ടൂറിസത്തിൽ പിന്നിലുള്ള ജില്ലകളെയും ഉയർത്തിയെടുക്കാം
- ടി.കെ. മൻസൂർ, മുൻ മാനേജിംഗ് ഡയറക്ടർ ബേക്കൽ റിസോർട്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |