ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഏറ്റവും ബോറടിച്ചത് കൊച്ചു കുട്ടികളായിരിക്കും. അവരെ സംബന്ധിച്ച് വൈറസോ, രോഗത്തിന്റെ കാഠിന്യമോ ഒന്നും പറഞ്ഞാല്‍ മനസിലായെന്നു വരില്ല. കുഞ്ഞുങ്ങള്‍ക്ക് പാര്‍ക്കിലും മറ്റും പോകുന്നത് തന്നെയാണ് സന്തോഷം നല്‍കുക. അതിന് വഴിയില്ലാതെ വന്നതോടെ സ്വന്തം വീട്ടില്‍ കുട്ടികളുടെ സന്തോഷത്തിനായി പലതും ചെയ്യുകയാണ് മാതാപിതാക്കള്‍. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അമേരിക്കയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത് . മെക്‌സിക്കന്‍ ഹെറാള്‍ഡ് ജേര്‍ണലിസ്റ്റ് ജൊനാഥന്‍ പാഡില തന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണിത്. ഒരു വന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ എട്ടാം നിലയില്‍ കുഞ്ഞിനെ ഊഞ്ഞാലിലിരുത്തിശക്തിയില്‍ ആട്ടുകയാണ് ഒരാള്‍. ഇത് കുഞ്ഞിന്റെ അച്ഛനാണെന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാണെങ്കിലും അത് ക്രൂരവും അപകടം പിടിച്ചതുമായ വിനോദമായിപ്പോയി എന്നാണ് വീഡിയോ വൈറലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായം.
വളരെ ശക്തിയോടെ കുഞ്ഞിനെ ഊഞ്ഞാലില്‍ ആട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷം കുഞ്ഞിന്റെ കൈയൊന്ന് അയഞ്ഞു പോയാല്‍ എട്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞ് താഴേക്ക് ചിതറി വീഴും. നെഞ്ചിടിക്കുന്ന ഈ വീഡിയോ ഒരു മുന്നറിയിപ്പെന്ന തരത്തിലാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |