കാെല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മരിച്ച അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്തരയുടെ(25) ബന്ധുക്കളുടെ മാെഴി രേഖപ്പെടുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിൽ സൂരജിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. സൂരജിനെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടമുണ്ടാകും. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്.
എ.സി മുറിയിൽ ഉറങ്ങിക്കിടന്ന ഉത്തരയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭർത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച് ഭർത്താവ് സൂരജും റൂറൽ എസ്.പിയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്നും, പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്നും ഉത്തരയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. അടൂരിലെ ഭർതൃ വീട്ടിൽ വച്ച് പാമ്പ് കടിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വീട്ടിനുള്ളിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ഉത്തരയാണ് അന്ന് പാമ്പിനെ കണ്ടത്. സൂരജെത്തി ഇതിനെ കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയതായി ഉത്തര പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ഉത്തരയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയ സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടെന്നും പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |