കോട്ടയം: രണ്ട് പേർക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം അതീവ ജാഗ്രതയിൽ. ഇപ്പോൾ ജില്ലയിൽ 8 പേരാണ് വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. മുംബൈയിൽ നിന്ന് എത്തിയ വെള്ളാവൂർ സ്വദേശി 32കാരനും അബുദാബിയിൽ നിന്ന് എത്തിയ 25 കാരനുമാണ് ഇന്നലെ കൊവിഡ് വൈറസ് ബാധിച്ചത്.
അതേ സമയം നിശ്ചിത അകലം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകാർക്കെതിരെ നടപടി സ്വീകരിച്ചുതുടങ്ങി. ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസുകളിൽ അകലം പാലിക്കാതെയും യാത്രക്കാരെ നിർത്തിയും സർവീസ് നടത്തിയത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ബസുകളിൽ ഇന്ന് അതിരാവിലെതന്നെ പൊലീസ് പരിശോധന ആരംഭിച്ചിരുന്നു.
റോഡിൽനിന്നും പൊലീസ് പിൻവാങ്ങിയതോടെ സർവ്വനിയന്ത്രണങ്ങളും കാറ്റിൽപറത്തി സ്വകാര്യ കാറുകളും ബൈക്കുകളും തലങ്ങും വിലങ്ങും പാഞ്ഞുതുടങ്ങി. കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മാസ്ക് ധരിക്കുന്നുണ്ടെങ്കിലും നിശ്ചിത അകലം പാലിക്കാതെ ക്യുവിൽ സ്ഥാനം പിടിച്ചത് കാണാമായിരുന്നു. ഇന്ന് രാവിലെ പാക്കിൽ ഷാപ്പിൽ കള്ള് വാങ്ങാൻ കുപ്പികളും പിടിച്ച് ആളുകൾ മണിക്കൂറുകളോളമാണ് ക്യുവിന്റ നിന്നത്. ജില്ലയിലെ ഒട്ടുമിക്ക ഷാപ്പുകളുടെ മുമ്പിലും ഇതേ അവസ്ഥയാണ്.
കൊവിഡ് പോസിറ്റീവ് ആയതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാറശാല സ്വദേശി 40കാരന്റെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. പരിശോധനാ റിപ്പോർട്ടിൽ 67 പേർ നെഗറ്റീവ് ആയത് ജില്ലയ്ക്ക് അല്പം ആശ്വാസമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |