തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും ഇഞ്ചിവിളവഴി വ്യാജമേൽവിലാസങ്ങൾ നൽകി ഒളിച്ചുകടന്നവരെ കണ്ടെത്താൻ പൊലീസും ആരോഗ്യവകുപ്പും തെരച്ചിൽ ആരംഭിച്ചു. മേൽവിലാസങ്ങൾക്കൊപ്പം നൽകിയ ഫോൺ നമ്പരുകളുടെയും തിരിച്ചറിയൽ രേഖകളുടെയും സഹായത്തോടെ ഇവരെ കണ്ടെത്താനാണ് ശ്രമം. ഒളിച്ചുകടന്നവരാരും ക്വാറന്റീൻ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കൊവിഡ് ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് പാസുമായി എത്തിയാൽ ക്വാറന്റീൻ പാലിക്കേണ്ടിവരുമെന്നതാകാം ഇവരുടെ ഒളിച്ചുകടക്കലിന് ഇടയാക്കിയത്. അതിനാൽ ഒളിച്ചുകടന്നവരെ ഉടൻ കണ്ടെത്തി ക്വാറന്റീനിലാക്കാനാണ് നീക്കം.
ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ ഇഞ്ചിവിളയിൽ വിശദമായ പരിശോധന നടത്താൻ ജില്ലാകളക്ടർ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും ആരോഗ്യവകുപ്പും തിരിച്ചറിയൽരേഖകളും കൊവിഡ് ജാഗ്രതാ പാസും വ്യക്തമായി പരിശോധിച്ച് ആൾ മാറാട്ടമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇന്ന് അതിർത്തിവഴി ആളുകളെ കടത്തിവിട്ടത്. അതിർത്തിയിലെ പരിശോധനകൾക്ക് പുറമേ കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ വന്നുചേരുന്ന സ്ഥലങ്ങളിൽ പൊലീസും വാഹന പരിശോധന നടത്തും.മതിയായ രേഖകളില്ലാതെ യാത്ര ചെയ്യുന്നവരെയും മാസ്ക്ക് ധരിക്കാത്തവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഇഞ്ചിവിള അതിർത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തേക്ക് വന്ന ചില ആളുകൾ നൽകിയിരുന്ന പാസിലെ വിലാസങ്ങൾ തിരക്കി ആരോഗ്യപ്രവർത്തകരെത്തിയപ്പോഴാണ് വിലാസങ്ങൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലും വിലാസം വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ലോക്ക് ഡൗണിനുശേഷം ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ താണ്ടി നിരവധി പേരാണ് ഇതുവഴി സംസ്ഥാനത്തേക്ക് എത്തിയത്. വാഹനങ്ങളിൽ അതിർത്തിയിൽ വന്നശേഷം ഊടുവഴികൾ താണ്ടി മറ്റൊരു വാഹനത്തിൽ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു.
വ്യാജവിലാസം നൽകി ആളുകൾ അതിർത്തി കടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള - തമിഴ്നാട് അതിർത്തി പ്രദേശങ്ങളും കളിയിക്കാവിളയിലെ ഇഞ്ചിവിളയിലും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. അതിർത്തിയിലെ പരിശോധനാ സംവിധാനങ്ങൾ കളക്ടർ വിലയിരുത്തി. തമിഴ്നാട് അതിർത്തിയിൽ ഡ്യൂട്ടി നോക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പാസ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ മോഹൻകുമാർ, തഹസിൽദാർ അജയകുമാർ, ഡെപ്യൂട്ടി തഹസിൽദാർ നന്ദഗോപൻ, കൊവിഡ് 19 ജില്ലാ കോ- ഓർഡിനേറ്റർ ഡോ.ബി ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ.ശിവകുമാർ എന്നിവരുമായി കളക്ടർ ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |