ലക്‌നൗ: ശ്രമിക് ട്രെയിൻ യാത്ര സർവത്ര ദുരിതമെന്ന് ആരോപിച്ച് കിഴക്കൻ യു.പിയിലേക്കും ബിഹാറിലേക്കും യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്ക് ഉപരോധിച്ചു. ട്രെയിനുകൾ മണിക്കൂറുകൾ സ്‌റ്റേഷനുകളിൽ പിടിച്ചിടുന്നുവെന്നും പഴകിയ ആഹാരമാണ് നൽകുന്നതെന്നും ഇവർ പറഞ്ഞു. വിശാഖപട്ടണത്ത് നിന്ന് ബീഹാറിലേക്കു പോയ തൊഴിലാളികളാണ് ട്രാക്കിലിറങ്ങി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചത്. ബീഹാർ അതിർത്തിക്കടുത്തുള്ള ദീൻ ദയാൽ ഉപാദ്ധ്യായ റെയിൽവേ സ്‌റ്റേഷനിൽ പത്തു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടതാണ് പ്രതിഷേധത്തിന് കാരണം. 1,500 രൂപ യാത്രയ്ക്കായി വാങ്ങിയെന്നും രണ്ടു ദിവസമായി ആഹാരമൊന്നും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. ഒടുവിൽ റെയിൽവേ പൊലീസെത്തി ആഹാരം നൽകാമെന്ന് സമ്മതിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്. കാശിയിൽ ഏഴു മണിക്കൂർ പിടിച്ചിട്ട ട്രെയിൻ കുറച്ചു ദൂരം ചെന്നശേഷം വീണ്ടും രണ്ടു മണിക്കൂർ കൂടി നിറുത്തിയിട്ടെന്നും യാത്രക്കാർ പറഞ്ഞു.
ആഹാരം പഴകിയത്, ജനൽചില്ലകൾ തകർത്തു
ഗുജറാത്തിൽ നിന്ന് ബീഹാറിലേക്കുള്ള ശ്രമിക് ട്രെയിനിലെ യാത്രക്കാർ തങ്ങൾക്ക് ലഭിച്ച ആഹാരം പഴകിയതാണെന്ന് ആരോപിച്ച് എറിഞ്ഞുകളഞ്ഞു. 'തൊഴിലാളികളോട് മനുഷ്യത്വ രഹിതമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്നും" ഇവർ ചോദിച്ചു. ശുചിമുറികളിൽ വെള്ളമില്ല, കുടിവെള്ളവുമില്ല. പൂരി തന്നത് അഞ്ചോ ആറോ ദിവസം മുമ്പ് ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ് എറിഞ്ഞുകളഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു. വെള്ളവും ഭക്ഷണവും കിട്ടാത്തതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽനിന്നു ബീഹാറിലേക്കു പോയ തൊഴിലാളികൾ ട്രെയിനിന്റെ ജനാലകൾ തകർത്തു. ഉന്നാവ് സ്‌റ്റേഷനിൽ അകാരണമായി ട്രെയിൻ മണിക്കൂറുകൾ പിടിച്ചിട്ടതോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
വഴിതെറ്റി ശ്രമിക്
റൂർക്കേല: അന്തർസംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയിൽ നിന്നു ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന് വഴിതെറ്റി. മഹാരാഷ്ട്രയിലെ വസായ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലായിരുന്നു എത്തേണ്ടത്. എന്നാൽ ഒഡിഷയിലെ റൂർക്കേലയിലാണ് ട്രെയിൻ എത്തിയത്. എന്നാൽ, വഴിതെറ്റി ഓടിയെന്ന ആരോപണം റെയിൽവേ നിഷേധിച്ചു.' ചില ട്രെയിനുകൾ തിരക്കൊഴിവാക്കാനായിരുന്നു റൂർക്കേല വഴി വഴിതിരിച്ചുവിട്ടതാണ്. "- റെയിൽവേ പറഞ്ഞു. അതേസമയം യാത്രക്കാരെ തിരിച്ച് ഗൊരഖ്പൂരിലേക്ക് കൊണ്ടുപോകുമെന്നും റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |