തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 207 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 104 പേർക്കായിരുന്നു രോഗം.
ഇന്നലെ മാത്രം 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത് ജാഗ്രത തുടരണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. പത്ത് ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരായതും, ആറുപേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താത്തതും അതിജാഗ്രത ആവശ്യപ്പെടുന്നു.ഒരേദിവസം ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ശനിയാഴ്ച.
ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിച്ചത്
മേയ് 17-14 പേര്‍ക്ക്
മേയ് 18- 29 പേർക്ക്
മേയ് 19- 12 പേർക്ക്
മേയ് 20നും 21നും -24 വീതം
മേയ് 22- 42പേർക്ക്
മേയ് 23- 62 പേർക്ക്
മേയ് 8 ന് തുടങ്ങിയ മൂന്നാം ഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 128 പേര്‍ക്കും, വിദേശത്ത് നിന്നെത്തിയ 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ബന്ധുക്കൾ രോഗബാധിതരാകുന്നത് നിരീക്ഷണം കർശനമായി പാലിക്കുന്നതിലെ വീഴ്ചകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നിരീക്ഷണ ലംഘനത്തിന് ഇന്നലെ മാത്രം 53 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹിക അകലവും മാസ്ക് ഉപയോഗവും പലയിടങ്ങളിലും പ്രഹസനമാണ്. മൂന്നാം ഘട്ടം അതി തീവ്രമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ നിർദേശങ്ങൾ ലംഘിക്കുന്നത് സമൂഹവ്യാപനത്തിന് പോലും കാരണമായേക്കാം.
കണ്ണൂർ ധർമടം സ്വദേശികളായ ദമ്പതികൾ, ഇടുക്കിയിലെ ബേക്കറിയുടമ എന്നിവർക്കും രോഗം ബാധിച്ച വഴിയറിയില്ല. ഇളവുകൾ തുടങ്ങിയതോടെ ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാം. വാളയാർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക, കണ്ണൂരിലെ മൂന്ന് നഴ്സുമാർ, രണ്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ 10 ദിവസത്തിനിടെ 12 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായതും അതീവ ഗൗരവത്തോടെ കാണണം. സുരക്ഷാ കവചങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉപയോഗവും അപര്യാപ്തതയും പ്രതിസന്ധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |