ജനീവ: കൊവിഡിനെ തടയാനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം ലോകാരോഗ്യസംഘടന താൽക്കാലികമായി തടഞ്ഞു. വിവിധ രാജ്യങ്ങൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ചതോടെയാണ് പരീക്ഷണങ്ങൾ നിറുത്താൻ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടത്. ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് അടുത്തിടെപുറത്തുവന്ന പഠനം പറഞ്ഞിരുന്നു. തുടർന്നാണ് ചില രാജ്യങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചത്. ഇന്ത്യയിലാണ് ഈ മരുന്നിന്റെ കൂടുതൽ ഉൽപാദനം നടക്കുന്നത്. അടുത്തിടെയാണ് ഈ മരുന്നിന്റെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയത്.
മലേറിയക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊവിഡിന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെങ്കിലും ചില രാജ്യങ്ങൾ കൊവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നൽകുന്നുണ്ട്. മുൻ കരുതലായി ആരോഗ്യ പ്രവർത്തകർക്കും ഇൗ രാജ്യങ്ങൾ മരുന്ന് നൽകുന്നുണ്ട്. ചൈനയിൽ ഈ മരുന്ന് കഴിച്ച ചിലർക്ക് രോഗം ഭേദമായെന്ന് അവകാശവാദത്തെ തുടർന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |