തിരുവനന്തപുരം: കെ.പി.സി.സി ഹൈക്കമാൻഡിന് സമർപ്പിച്ച സെക്രട്ടറിമാരുടെ പട്ടികയിൽ മാറ്റം നിർദ്ദേശിച്ച് കോൺഗ്രസ് ദേശിയ നേതൃത്വം. 84 പേരുടെ പട്ടിക 70 ആയി ചുരുക്കണമെന്നാണ് ഹൈക്കമാൻഡ് ആവശ്യപ്പെടുന്നത്. പണം വാങ്ങി ആളുകളെ ഉൾപ്പെടുത്തി എന്ന ആക്ഷേപമടക്കം പട്ടികക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാഡ് ഇടപെടൽ.
പട്ടികക്കെതിരെ വലിയ തോതിലുള്ള പരാതികളാണ് ഹൈക്കമാൻഡിലെത്തിയിരിക്കുന്നത്. നാല് മാസത്തെ ചർച്ചക്ക് ശേഷമാണ് 84 സെക്രട്ടറിമാരുടെ പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് നൽകിയത്. 12 ഉപാദ്ധ്യക്ഷൻമാരും 34 ജനറൽസെക്രട്ടറിമാരും ഉള്ളതിനാൽ ജംബോ പട്ടിക വേണ്ടെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ സ്വീകരിച്ചത്.
എന്നാൽ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദം മൂലം ആളെ തിരുകിക്കയറ്റി 84 പേരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. അഴിമതിക്കാരെ വൈസ് പ്രസിഡന്‍റ് ശുരനാട് രാജശേഖരൻ പണം വാങ്ങി ലിസ്റ്റിലുൾപ്പെടുത്തിയെന്ന ആക്ഷേപമുന്നയിച്ച തലസ്ഥാനനഗരത്തിൽ പോസ്റ്ററുകളിറങ്ങി. പരാതി ഹൈക്കമാൻഡിന് മുന്നിലുമെത്തി. ഇതിനിടെയാണ് എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവും വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |