തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലിനും വി.മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. മുരളീധരൻ യോഗത്തിൽ പങ്കെടുത്തിട്ടുമില്ല. മുരളീധരൻ യോഗത്തിൽ പങ്കെടുക്കണമെന്ന് സർക്കാരിന് ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താ സമ്മേളനത്തിൽ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.
വി. മുരളീധരൻ യോഗത്തിൽ മുഴുവൻ സമയം പങ്കെടുത്തില്ലെന്ന് പറഞ്ഞ് വിമർശനമുന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. വാട്സാപ്പിൽ കത്തയച്ചാൽ കേന്ദ്രമന്ത്രി യോഗത്തിലെത്തണമെന്ന് ശഠിക്കരുത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ചേർന്ന നിലപാടല്ല പിണറായി വിജയൻ സ്വീകരിച്ചത്. മലയാളിയായ മന്ത്രി വി മുരളീധരൻ കേരളത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ മനഃപ്പൂർവ്വം ഇകഴ്‌ത്തിക്കാട്ടാനാണ് പിണറായി ശ്രമിക്കുന്നത്.
പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ സ്വീകരിക്കുന്ന നടപടികളാണ് കേരളത്തിന് ഇപ്പോൾ ആശ്വാസകരമാകുന്നത്. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് സ്വയം പുകഴ്ത്തിപ്പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച്, പങ്കെടുപ്പിക്കുന്നത് കേരളത്തിന്റെ താൽപര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു. അതു ചെയ്യാതെ വിമർശിക്കാൻ വേണ്ടി മാത്രം പച്ചക്കള്ളം പറയുന്നത് ജനം മനസ്സിലാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര റെയിൽവേമന്ത്രി പീയുഷ് ഗോയലിനെതിരായും മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതും വിലകുറഞ്ഞതുമാണ്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിന് കേരളം താൽപര്യമെടുക്കാത്തത് അവരെല്ലാം ഇവിടെയെത്തിയാൽ മതിയായ സൗകര്യമൊരുക്കാൻ കഴിയില്ലെന്നതുകൊണ്ടാണ്. എല്ലാം സജ്ജമെന്നു വീമ്പുപറഞ്ഞവർ ഇപ്പോൾ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ പകച്ചു നിൽക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ സഹായിക്കാൻ കേന്ദ്ര സർക്കാർ തീവണ്ടി അനുവദിക്കുമ്പോൾ ഇപ്പോൾ തീവണ്ടി വേണ്ടെന്നാണ് സംസ്ഥാനം പറയുന്നത്. മറുനാട്ടിൽ തൊഴിലെടുക്കുന്ന മലയാളികളെല്ലാം രോഗം കൊണ്ടുവരുന്നവരാണെന്ന പിണറായിയുടെ നിലപാട് ക്രൂരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |