കൊല്ലം: പൊലീസ് ജീപ്പ് വീട്ടുമുറ്റത്ത് വന്നുനിന്നു. പുറത്തിറങ്ങിയ പൊലീസുകാർ വിനീതിനെ കൈപിടിച്ച് ജീപ്പിലേക്കുകയറ്റി. കാര്യമറിയാതെ ഓടിക്കൂടിയവരോട് കുളത്തൂപ്പുഴ എസ്.ഐ ജയകുമാർ പറഞ്ഞു "പേടിക്കണ്ട, പരീക്ഷയെഴുതാൻ കൊണ്ടു പോകുകയാണ് ". പിന്നെ ജീപ്പു പാഞ്ഞത് 55 കിലോമീറ്റർ. ചെന്നെത്തിയത് അച്ചൻകോവിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്. പരീക്ഷാ ഹാളിന് മുന്നിലെത്തിയപ്പോൾ വിനീത് നന്ദിയോടെ പൊലീസുദ്യോഗസ്ഥരെ നോക്കി പുഞ്ചിരിച്ചു. "നന്നായി പരീക്ഷ എഴുതിയിട്ടുവാ, ഞങ്ങൾ ഇവിടത്തന്നെയുണ്ടാകും.." എസ്.ഐ പറഞ്ഞു.
പത്താം ക്ലാസ് വിദ്യാർത്ഥിയായ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശിയായ വിനീത് ഭിന്നശേഷിക്കാരനായതിനാൽ 'സ്ക്രൈബി'ന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതുന്നത്.
പഠനത്തോട് വിനീതിന് വല്ലാത്ത ആവേശമാണ്. പൊലീസാകാനാണ് ആഗ്രഹമെങ്കിലും വൈകല്യം അലട്ടുന്നുണ്ട്. ചെറുപ്പത്തിലേ വിനീതിന്റെ അമ്മ മരിച്ചു. അതിനു മുമ്പേ അച്ഛൻ ഉപേക്ഷിച്ചുപോയി. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ് വളർന്നത്. അപ്പൂപ്പൻ കിടപ്പു രോഗിയായി. അമ്മൂമ്മയ്ക്ക് എഴുപത്തഞ്ച് കഴിഞ്ഞതിന്റെ അവശതകളുണ്ട്.
അച്ചൻകോവിലിൽ സർക്കാർ അനുവദിച്ച 75 സെന്റ് ഭൂമിയിലായിരുന്നു വിനീതും അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചുവന്നത്. എന്നാൽ ലോക്ക് ഡൗണിന് തൊട്ടുമുമ്പ് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിലെ ബന്ധുവീട്ടിലേക്ക് മാറി.
പരീക്ഷാ തീയതി പ്രഖ്യാപിച്ച ദിവസം മുതൽ ക്ലാസ് ടീച്ചർ വിനീതിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് റൂറൽ എസ്.പി ഹരിശങ്കറിനെ വിവരം അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കുളത്തൂപ്പുഴ പൊലീസ് വിനീതിനെ അന്വേഷിച്ച് കണ്ടെത്തി. തുടർന്ന് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വിനീതിനെ കല്ലുവെട്ടാംകുഴിയിലെ വീട്ടിൽ നിന്ന് അച്ചൻകോവിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
പൊലീസുകാരായ ഗിരീഷ്, സുജിത്ത്, സജിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പരീക്ഷകൾ തീരുന്നതുവരെ വിനീതിനായി പൊലീസ് സംരക്ഷണയിൽ അച്ചൻകോവിലിൽ പ്രത്യേക താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും തുടർന്ന് കുളത്തൂപ്പുഴയിലെ വീട്ടിലെത്തിക്കുമെന്നും സി.ഐ ഹരീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |